ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത് വന്ന വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. കത്ത് പുറത്തുവിട്ടത് ബോധപൂർവമാണെന്നും എന്നാൽ അത് തന്റെ വിജയം തടയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പുറത്തുവിട്ട ലെറ്റർ ബോംബ് നിർവീര്യമായെന്നും രാഹുൽ പറഞ്ഞു.
കെ മുരളീധരൻ കേരളത്തിൽ എവിടെയും നിർത്താവുന്ന മികച്ച സ്ഥാനാർത്ഥിയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പോരെന്ന് കത്തിൽ പറയുന്നില്ല. കത്ത് കൊടുത്ത ഡിസിസി പ്രസിഡണ്ട് തന്നോടൊപ്പം പ്രചാരണത്തിൽ സജീവമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. കത്ത് തന്നെയോ പ്രതിപക്ഷ നേതാവിനെയോ ലക്ഷ്യം വെച്ചാണെന്ന് കരുതുന്നില്ല. മുരളീധരനുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും മുതിർന്ന നേതാക്കൾ വരും ദിവസങ്ങളിൽ മണ്ഡലത്തിലെത്തുമെന്നും രാഹുൽ പറഞ്ഞു.
മുരളീധരൻ തനിക്കെതിരെ ഒന്നും പറയില്ലെന്ന് പറഞ്ഞതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. യുഡിഎഫ് ക്യാമ്പിന് കത്ത് യാതൊരു വിധത്തിലുള്ള അലോസരവും ഉണ്ടാക്കുന്നില്ല. തിരഞ്ഞെടുപ്പിന് മുൻപ് പല പേരുകളും കമ്മിറ്റികൾ നൽകാറുണ്ട്. മുരളീധരൻ വേണമെന്ന് ആഗ്രഹിക്കുന്നവർ കത്ത് പുറത്ത് കൊടുത്തിട്ടുണ്ടാകാം. അവരും ചിലരും ചേർന്നുള്ള കൂട്ടുകെട്ട് ഇപ്പോൾ കത്ത് പുറത്ത് വിട്ടതാകാമെന്നും രാഹുൽ പറഞ്ഞു.