യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി. പാലക്കാട് നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ കോടതിയെ സമീപിച്ചത്.
രാഹുലിന് ഇളവ് അനുവദിക്കരുതെന്നും അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അറിയിച്ച് പൊലീസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പൊലീസിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് രാഹുലിന് കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. ഇതോടെ നവംബര്‍ 13 വരെ മ്യൂസിയം സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടേണ്ടതില്ലെന്ന് കോടതി അറിയിച്ചു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. നേരത്തെ പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത കേസില്‍ രാഹുല്‍ റിമാന്റിലായിരുന്നു. എല്ലാ തിങ്കളാഴ്ചയും മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണമെന്നതായിരുന്നു ജാമ്യ വ്യവസ്ഥ.