രാഹുലിന് ഒന്നാംപേജില്‍ നന്ദി പറഞ്ഞു; പത്രം കത്തിച്ചു, പിന്നാലെ മാതൃഭൂമിക്ക് അപ്രഖ്യാപിത വിലക്കുമായി ബിജെപി; പ്രാകൃത നടപടിയെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍; വിവാദം

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് ‘നന്ദി’ തലക്കെട്ട് നല്‍കിയ മാതൃഭൂമി ദിനപത്രം കത്തിച്ചും ബഹിഷ്‌കരിച്ചും സംഘപരിവാര്‍ സംഘടനകള്‍. ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്രം കത്തിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് മാതൃഭൂമിക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം ആരംഭിച്ചത്.

ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത രീതിയും തലക്കെട്ടും ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ മാതൃഭൂമി ദിനപത്രം കത്തിച്ച നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ച് പ്രസ്താവന പുറത്തിറക്കി.

ബിജെപി പ്രവര്‍ത്തകരാണ് പല ഇടങ്ങളിലായി പത്രം കത്തിച്ചത്. പരിഷ്‌കൃത സമൂഹത്തിന് അപമാനമായ നടപടിയാണിത്. വാര്‍ത്തയ്ക്ക് എന്ത് തലക്കെട്ട് നല്‍കണമെന്നും പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏത് വിഷയത്തിന് പ്രാധാന്യം നല്‍കണമെന്നും തീരുമാനിക്കുന്നത് മാധ്യമങ്ങളാണ്. അതില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതിന്റെ പേരില്‍ പത്രം കത്തിക്കുന്നത് പോലെയുളള പ്രാകൃത നടപടികളെ ശക്തമായി അപലപിക്കുന്നതായി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നുവെന്നും അക്രമണം നടത്തുന്നുവെന്നും രാഹുല്‍ ഗാന്ധി ലോകസഭയില്‍ പറഞ്ഞുവെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്.

അതേസമയം, രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ബിജെപി. അംഗം ബാംസുരി സ്വരാജ് ലോക്സഭയില്‍ നോട്ടീസ് നല്‍കി.

സഭാചട്ടം 115 പ്രകാരമാണ് നോട്ടീസ്. മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകളാണ് ന്യൂഡല്‍ഹി മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ബാംസുരി. നയപ്രഖ്യാപന ചര്‍ച്ചയ്ക്ക് കഴിഞ്ഞദിവസം തുടക്കമിട്ടത് അനുരാഗ് സിങ് ഠാക്കൂറും ബാംസുരിയുമായിരുന്നു.

രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ഒട്ടേറെ വസ്തുതാവിരുദ്ധ പരാമര്‍ശങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളുമുണ്ടെന്ന് നോട്ടീസില്‍ ബാംസുരി ചൂണ്ടിക്കാട്ടി. അതിനാല്‍ സഭാചട്ടം 115 പ്രകാരം നടപടിയെടുക്കണമെന്ന് നോട്ടീസ് അവതരിപ്പിച്ച് ബാംസുരി പറഞ്ഞു.

ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്നാണ് രാഹുല്‍ സഭയില്‍ പറഞ്ഞത്. ഹിന്ദു മതം അക്രമ രാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നുമാണ് രാഹുല്‍ പറഞ്ഞത്.

ഈ പ്രസ്താവനയിലാണ് മാതൃഭൂമി ‘നന്ദി’ പറഞ്ഞതെന്നാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ ആരോപിച്ചത്. തുടര്‍ന്ന് അദേഹം പത്രം നിര്‍ത്തുന്നതായി കാട്ടി മാതൃഭൂമി എഡിറ്റര്‍ക്ക് കത്ത് അയച്ചിരുന്നു. പിന്നീട് ഈ കത്ത് തന്റെ സമൂഹമാധ്യങ്ങളിലൂടെ പുറത്തുവിട്ടു. ഇതോടെയാണ് ബിജെപി അണികള്‍ മാതൃഭൂമിക്കെതിരെ അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിക്കുകയും പത്രം കത്തിക്കുകയും ചെയ്തത്. നേരത്തെ എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്കെതിരെ ബിജെപി ബഹിഷ്‌കരണം നടത്തിയിരുന്നു. ഇതിന് എന്‍എസ്എസിന്റെ പിന്തുണകൂടി ലഭിച്ചതോടെ പരസ്യദാതാക്കള്‍ അടക്കം മാതൃഭൂമിയെ കൈവിട്ടു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞാണ് അവര്‍ മീശ വിഷയത്തില്‍ നിന്നും തലയൂരിയത്.

വി മുരളീധരന്‍ മാതൃഭൂമി എഡിറ്റര്‍ക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം

മാതൃഭൂമി പത്ര വായന അവസാനിപ്പിക്കുന്നു
പത്രാധിപര്‍ക്കുള്ള തുറന്ന കത്ത്.

ബഹു.എഡിറ്റര്‍,
രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിനൊപ്പം നിന്ന മാതൃഭൂമി ദിനപത്രത്തെ വലിയ ആദരവോടെയാണ് വ്യക്തിപരമായി നോക്കിക്കണ്ടിരുന്നത്. അതിനാല്‍ത്തന്നെ ഏതാണ്ട് അഞ്ച് ദശാബ്ധത്തോളം മാതൃഭൂമി പത്രത്തിന്റെ വരിക്കാരനുമായിരുന്നു ഈ ഞാന്‍. എന്നാല്‍ ആ പതിവ് ഇനി ഉപേക്ഷിക്കാനാണ് തീരുമാനം.
ജൂലൈ 2 ലെ മാതൃഭൂമി പത്രത്തിന്റെ മുന്‍ പേജ് തന്നെ മാധ്യമധര്‍മം അപ്പാടെ മറന്നതായിരുന്നു. മാധ്യമനയം തീരുമാനിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. പക്ഷേ പത്രത്തിന്റെ ഒന്നാം പേജ് സാധാരണ വാര്‍ത്തകള്‍ അറിയിക്കാനുള്ളതാണ്. എന്നാല്‍ അന്നേ ദിവസത്തെ മാതൃഭൂമി ഒന്നാം പേജില്‍ത്തന്നെ ഏതാണ്ട് മുഖപ്രസംഗത്തിന്റെ സ്വഭാവമാണ് പുലര്‍ത്തിയത്. ഏകപക്ഷീയമായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയെ വാനോളം പുകഴ്ത്തുകയും മൂന്നാം തവണയും ജനം അധികാരത്തിലേറ്റിയ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്ത സമീപനം മാധ്യമധാര്‍മികതയ്ക്ക് നിരക്കാത്തതാണ്.
പാര്‍ലമെന്ററി മര്യാദകളെല്ലാം ലംഘിച്ച് ഒന്നാം ദിനം രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ച അനുവദിക്കാതിരുന്ന, ചര്‍ച്ചയില്‍ പങ്കെടുത്ത് ഹിന്ദു സമൂഹത്തെ ആകെ അവഹേളിക്കുകയും അസത്യങ്ങളുടെ കൂമ്പാരം തുറന്നിടുകയും ചെയ്ത രാഹുല്‍ ഗാന്ധി എന്ന അപക്വമതിയായ രാഷ്ട്രീയക്കാരന് ഒന്നാം പേജില്‍ ”നന്ദി”രേഖപ്പെടുത്തിയതിലൂടെ മാതൃഭൂമി അരാജകവാദികളുടെ പക്ഷത്താണെന്ന് തെളിയിച്ചിരിക്കുകയാണ്.
മുഖ്യവായനക്കാരായ ഭൂരിപക്ഷ സമുദായത്തെയാകെ അവഹേളിച്ചയാള്‍ക്ക് നന്ദി പറഞ്ഞതിലൂടെ ആ സമൂഹത്തോടുള്ള നിലപാടും താങ്കളുടെ സ്ഥാപനം വ്യക്തമാക്കി. മാതൃഭൂമിയുടെ ഒന്നാം പേജില്‍ നിന്ന് തന്നെ രാഹുലിന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ.”ഹിന്ദുക്കള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ മുഴുവന്‍സമയവും അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരാണ്.” ഇത് പറഞ്ഞയാള്‍ക്കാണ് മാതൃഭൂമിയുടെ നന്ദി !
മാതൃഭൂമി എഡിറ്റോറിയല്‍ ടീമിനെ അഭിമാനത്തോടെ ഓര്‍മിപ്പിക്കട്ടെ, ഞാന്‍ ഹിന്ദുവാണ്. അക്രമവും വിദ്വേഷവും എന്റെ പാതയല്ല. പക്ഷേ എന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നവരോട് സഹകരിച്ചു പോകാന്‍ സാധിക്കുകയുമില്ല. 2016ല്‍ പ്രവാചക നിന്ദ ആരോപിച്ച് താങ്കളുടെ പത്രത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ മറന്നിട്ടുണ്ടാവില്ല. അന്ന് നിങ്ങള്‍ മാപ്പ് പറഞ്ഞു. അത്തരം സമ്മര്‍ദങ്ങളും ഭീഷണികളും ഹിന്ദു സമൂഹത്തില്‍ നിന്നുണ്ടാവില്ല. കാരണം ഹിന്ദുമതം അഹിംസയുടെയും സഹിഷ്ണുതയുടെയും മതമാണ്. സത്യവും ധര്‍മവുമാണ് പാത.
1923 മാര്‍ച്ച് പതിനെട്ടിന് ഒന്നാം ലക്കത്തിലെ മാതൃഭൂമി മുഖപ്രസംഗത്തിലെ വരികള്‍ അങ്ങയെ ഓര്‍മിപ്പിക്കട്ടെ. ‘ അവരവരുടെ ബുദ്ധിക്കും പ്രാപ്തിക്കും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം യാതൊരു തടസവും കൂടാതെ അനുഭവിക്കാന്‍ ആര്‍ക്കും സാധിക്കണം. അതിനെ കുറയ്ക്കുവാനോ ഇല്ലാതാക്കുവാനോ മനുഷ്യന്റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഉള്ള ആചാരസമ്പ്രദായങ്ങളോ നിബന്ധനകളോ മനുഷ്യവര്‍ഗത്തിന്റെ അഭിവൃദ്ധിക്ക് പറ്റാത്തതാകയാല്‍ അവയെ തീരെ അകറ്റണം”.
നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് മൂന്നാവട്ടവും തുടര്‍ച്ചയായി ഈ രാജ്യത്തെ ജനം അധികാരത്തിലേറ്റിയത് എന്ന് മാതൃഭൂമി മറന്നു. ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കാനും നശിപ്പിക്കാനുമുള്ള ശ്രമത്തിനൊപ്പവുമാണ് ഇന്നത്തെ മാതൃഭൂമി എന്നതിനാല്‍ നിങ്ങള്‍ക്കൊപ്പമുള്ള യാത്ര ഇവിടെ അവസാനിപ്പിക്കുന്നു.

സ്‌നേഹപൂര്‍വം,
വി.മുരളീധരന്‍
മുന്‍ കേന്ദ്രമന്ത്രി

Latest Stories

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?