കെ- റെയിലിന് പതിയെ പച്ചവെളിച്ചം തെളിയുന്നു; സിൽവർ ലൈൻ പദ്ധതി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ്

സിൽവർ ലൈൻ പദ്ധതി അടിയന്തരമായി പരിഗണിക്കണമെന്ന് ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ്. പദ്ധതി സംബന്ധിച്ച് കെ-റെയിലുമായി വീണ്ടും ചർച്ച നടത്തണം. ചർച്ചയ്ക്ക് ശേഷം വിശദമായ പ്രതികരണം അറിയിക്കണമെന്നും ദക്ഷിണ റെയിൽവേക്ക് അയച്ച കത്തിൽ റെയിൽവേ ബോർഡ് ആവശ്യപ്പെട്ടു.

നേരത്തെ കെ-റെയിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ച് നിലപാടറിയിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 21 ന് ദക്ഷിണ റെയിൽവേ ഇതിന് മറുപടി പറയുകയും ചെയ്തു. എന്നാൽ കൂടുതൽ വ്യക്തമായ വിശദീകരണം വേണമെന്നും കെ റെയിൽ ബോർഡുമായി ചർച്ച ചെയ്യണമെന്നും റെയിൽവേ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം ഇത് സംബന്ധിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല. കെ റെയിലിനായി സംസ്ഥാന സർക്കാരിന് വേണ്ടി കെവി തോമസ് കേന്ദ്രവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ആര് എതിർത്താലും കെ റെയിൽ നടപ്പാക്കുമെന്ന് കഴിഞ്ഞ മാസം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞിരുന്നു. കെ റെയിലിൽ നിന്ന് പിന്നോട്ടില്ല, ജനങ്ങൾക്കു കൃത്യമായ ധാരണയും ദിശാബോധവും നൽകി പദ്ധതി നടപ്പിലാക്കും. കുറ്റി പറിച്ചതുകൊണ്ട് കെ റെയിൽ ഇല്ലാതാകില്ലെന്നും ആത്മധൈര്യത്തോടെയാണ് പറയുന്നതെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

Read more

9 ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് സിൽവര്‍ ലൈനിന് വേണ്ടിവരുന്നത്. ഏഴ് ജില്ലകളിലായി കെട്ടിടങ്ങൾ നിൽക്കുന്ന 3.6 ഹെക്ടറും പദ്ധതി പരിധിയിലാണ്. നിലവിലെ സ്റ്റേഷനുകൾക്ക് സമീപത്തുകൂടെ കടന്ന് പോകുന്ന അതിവേഗ റെയിൽ രൂപരേഖയും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. നിരന്തര കെ റെയിൽ വിരുദ്ധ സമരങ്ങൾക്കൊടുവിൽ ഇനി കേന്ദ്രം പറയട്ടെ എന്ന നിലപാടിൽ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ച് നിര്‍ത്തിയ പദ്ധതിക്കിപ്പോൾ പതിയെ പച്ചവെളിച്ചം തെളിയുകയാണ്.