ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് മദ്യപിച്ച് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്സ്പ്രസിലെ ടിടിഇയും തിരുവനന്തപുരം സ്വദേശിയുമായ നിതീഷ് ആണ് പിടിലായത്. ആലുവയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിതാവ് യുവതിയെ സ്റ്റേഷനില്‍ കൊണ്ടുപോയി വിടുമ്പോള്‍ മകള്‍ ഒറ്റയ്ക്കാണന്നും ശ്രദ്ധിക്കണമെന്നും ടിടിഇയായ നിതീഷിനോട് പറഞ്ഞിരുന്നു.
ആദ്യം നിതീഷ് യുവതിയോട് കോച്ചുമാറാനായി നിര്‍ബന്ധിച്ചു. തുടര്‍ന്ന് യുവതിയുടെ കൈപിടിച്ചുവലിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രയ്ക്കിടെ പുലര്‍ച്ചെ ഒരുമണിയോടെ ടിടിഇയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് യുവതി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ സഹായം തേടുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ടിടിഇക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പൊലീസ് ടിടിഇയെ പിടികൂടുകയായിരുന്നു.
ഡ്യൂട്ടിക്കിടെ നിതീഷ് മദ്യപിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കോട്ടയം റെയില്‍വേ പൊലീസാണ് കേസ് എടുത്തതെങ്കിലും കോടതി നടപടികള്‍ക്ക് ശേഷം, കേസുമായ ബന്ധപ്പെട്ട കാര്യം ആലുവയിലേക്ക് മാറ്റും. റെയില്‍വേ ജീവനക്കാര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ പൊലീസ് വ്യക്തമാക്കി.