ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ഇന്ന് ഉച്ചയോടെ മോക്കാ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. വടക്ക്- വടക്ക് പടിഞ്ഞാറ് സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ കടന്ന് ബംഗ്ലാദേശ് മ്യാൻമൈാർ തീരത്തേക്ക് നീങ്ങും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴക്ക് കാരണമാകും.
സംസ്ഥാനത്ത് കാര്യമായ മഴ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. പലയിടത്തും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പെടുന്നനെയുള്ള മഴയെ കരുതിയിരിക്കണം. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം.
Read more
കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുത് എന്നും നിര്‍ദ്ദേശമുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കേണ്ടതാണ്.