ഇടുക്കി ജില്ലയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ മാലയാണ് മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. സംഭവ സമയം മാല മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാലയുടെ മകന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സമയത്താണ് അപകടം നടന്നത്.
അടുക്കള ഭാഗത്തെ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് മാലയുടെ മകന്‍ വീടിന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മാലയെ പുറത്തെടുത്തത്. ഉടന്‍തന്നെ മാലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more
അതേസമയം കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മൂന്നാര്‍ കോളനിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.