ഗ്രാമീണ റോഡുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത്. പരിശോധിച്ച 148 റോഡുകളില്‍ 19 എണ്ണം വേണ്ടത്ര ടാര്‍ ഉപയോഗിക്കാതെയാണ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തി. ആറുമാസത്തിനിടെ ടാര്‍ ചെയ്ത 67 റോഡുകളിലും കുഴികള്‍ കണ്ടെത്തിയെന്നും റോഡ് ഡോളര്‍ ഉപയോഗിക്കാതെ റോഡ് നിര്‍മ്മിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ റോഡുകള്‍ തകരുന്നതിന് കാരണം മഴയെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വിശദീകരണം. പുതിയ പാറ്റേണിലാണ് ഇപ്പോള്‍ മഴ, ചെറിയ സമയത്ത് തീവ്രമഴ ഉണ്ടാകുന്നു. ഇത് നേരിടാന്‍ വഴികള്‍ പ്രത്യേകം പരിശോധിക്കുകയാണെന്നും റോഡ് നിര്‍മാണത്തിലെ തെറ്റായ രീതികളും പ്രശ്നമാണെന്നുമാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്.
ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി സമ്മതിച്ചു. കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതില്‍ ദുഖമുണ്ട്. റോഡ് 14 കിലോമീറ്റര്‍ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.