സംസ്ഥാനത്ത് ഇന്നും മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിൽ പൂര്‍ണമായും വടക്കന്‍ കേരളത്തില്‍ ഭാഗികമായും മഴ ശക്തി പ്രാപിക്കുമെന്ന് കാലവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

വരുന്ന മൂന്നു മണിക്കൂറിനുള്ളില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കാത്ത ജില്ലകളില്‍ ഇടിമിന്നംലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read more

കേരളാ തീരം, തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.