സംസ്ഥാനത്ത് മഴ തുടരും; മൺസൂൺ പാത്തി സജീവം, 6 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൺസൂൺ പാത്തി സജീവമായതിനാലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ആറ് ജില്ലകളിൽ നാളെയും നിലവിൽ യെല്ലോ അലർട്ടാണ്. തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ഈ ദിവസങ്ങളിൽ ജാഗ്രത കൈവിടരുതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്.

അതേസമയം ജലാശയങ്ങളിൽ ഇറങ്ങരുതെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്‍റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ തുടരുന്നതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

Read more