ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേരള പര്യടനത്തിന്. ബിജെപിയുടെ പ്രാദേശിക നേതാക്കളെ പരിചയപ്പെടാനായാണ് പര്യടനം. സംസ്ഥാനതലത്തിൽ പ്രവർത്തനപരിചയം കുറവുള്ളതിനാലാണ് പാർട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളെ കാണാനായി 30 സംഘടനാ ജില്ലകളിലും യാത്ര നടത്തുന്നത്.
ഒരു ദിവസം രണ്ട് ജില്ല എന്ന കണക്കിൽ 15 ദിവസം പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 10നുശേഷം പര്യടനം ആരംഭിക്കുമെന്നാണ് വിവരം. പാർട്ടിയുടെ മണ്ഡലം ജനറൽ സെക്രട്ടറി മുതൽ മുകളിലേക്കുള്ള നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിക്കുക. പര്യടനത്തിനിടെ എല്ലാ ജില്ലകളിലും മുതിർന്ന ബിജെപി, സംഘപരിവാർ നേതാക്കളെ കാണാനും പരിപാടിയുണ്ട്. ഈ കൂടിക്കാഴ്ചയിൽ എല്ലാ ജില്ലകളിലും പാർട്ടി ഘടകങ്ങൾക്ക് ടാർഗറ്റ് നിശ്ചയിക്കും.
സംഘടനാപ്രവർത്തനം, തിരഞ്ഞെടുപ്പ് പ്രവർത്തനം എന്നിങ്ങനെ രണ്ടുതരത്തിലുള്ള ടാർഗറ്റ് ആണ് കൊടുക്കുക. നേതാക്കൾക്കും ടാർഗറ്റ് ഉണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിനെ ആദ്യ കടമ്പയായി കണക്കാക്കി വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഏപ്രിൽ 10നു മുൻപ് ജില്ലാ ഭാരവാഹികളെയും 15നു മുൻപ് സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
Read more
എല്ലാ ഘടകങ്ങളിലും ഭാരവാഹികളിൽ 40 ശതമാനം പേർ പുതുമുഖങ്ങളായിരിക്കണമെന്നാണ് ബിജെപിയുടെ നിബന്ധന. രാജീവ് ചന്ദ്രശേഖറിന്റെ ടീമിൽ 60 ശതമാനം പുതുമുഖങ്ങളായിരിക്കുമെന്ന് പറയുന്നുണ്ട്. ഇത് യാഥാർഥ്യമായാൽ പതിറ്റാണ്ടുകളായി സംസ്ഥാന ഭാരവാഹിത്വത്തിൽ തുടരുന്ന നേതാക്കളെ ഒഴിവാക്കേണ്ടി വരും.