കായല്‍ കയ്യേറിയെന്ന് ആരോപണം; ഏഷ്യാനെറ്റ് ചാനല്‍ മേധാവിയുടെ റിസോര്‍ട്ട് ഡിവൈഎഫ്‌ഐ അടിച്ചുതകര്‍ത്ത് കൊടി നാട്ടി

ഏഷ്യാനെറ്റ് ചാനല്‍ മേധാവിയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ചുവെന്ന ആരോപണമുള്ള കുമരകത്തെ റിസോര്‍ട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുകയും ഭൂമിയില്‍ കൊടികുത്തുകയും ചെയ്തു.

റിസോര്‍ട്ടിലേക്ക് ഡിവൈഎഫ്ഐ ഇന്നു രാവിലെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതിനു ശേഷമാണ് റിസോര്‍ട്ട് അടിച്ചു തകര്‍ത്തത്. രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തെ നിരാമയ റിസോര്‍ട്ട് കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്ന കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.

റിസോര്‍ട്ടിനുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ കൊടി നാട്ടി. റിസോര്‍ട്ടിലേക്ക് സ്വകാര്യമായി ഉപയോഗിച്ചുവന്ന റോഡിലേക്കുള്ള ഗേറ്റുകള്‍ തകര്‍ക്കുകയും ഈ വഴി പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുകയും ചെയ്തു.  ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി പിഎന്‍ബിനു., സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി ബി. ശശികുമാര്‍, ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് സജേഷ് ശശി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റിസോര്‍ട്ട് അടിച്ചു തകര്‍ത്തത്. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത് ഏഷ്യാനെറ്റ് നല്‍കിയ കായല്‍ കയ്യേറ്റ വാര്‍ത്തകളായിരുന്നു. ഇതേ ഏഷ്യാനെറ്റ് തലവന്‍ തന്നെ കായല്‍ കയ്യേറിയിരിക്കുന്നുവെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം.