സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഡോ.ശൂരനാട് രാജശേഖരൻ യുഡിഎഫ് സ്ഥാനാർഥിയാകും.കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് തീരുമാനമറിയിച്ചത്. ഈ മാസം 29 നാണ് വോട്ടെടുപ്പ്.
ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സീറ്റിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുൻപാകെ ജോസ്. കെ.മാണി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
2021 കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ജോസ് കെ. മാണി എം.പി സ്ഥാനം രാജിവച്ചത്. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ജോസ് കെ. മാണിയെ എം.പിയായി തിരഞ്ഞെടുത്തത്. പിന്നീട് ജോസ് പക്ഷം എൽ.ഡി.എഫിൽ ചേർന്നത് രാജിക്ക് കാരണമായി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി പരാജയപ്പെടുകയായിരുന്നു.
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 16 നാണ്. സൂക്ഷ്മപരിശോധന 17ന്. പിൻവലിക്കാനുള്ള അവസാന തീയതി 22. 29 ന് രാവിലെ 9 മുതൽ 4 വരെ വോട്ടെടുപ്പ് നടക്കും. സീറ്റ് കേരള കോൺഗ്രസ് എമ്മിനു നൽകാൻ എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചതിനു പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണു ജോസ് കെ.മാണിയെ സ്ഥാനാർഥിയായി തീരുമാനിച്ചത്. പാർട്ടി നേതൃയോഗത്തിലും ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലും ഇതേ ആവശ്യമുയർന്നിരുന്നു.