കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25ന് നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കും. ഈ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.
നിലവിലെ നിയമസഭ പ്രാതിനിധ്യം അനുസരിച്ച് എല്‍.ഡി.എഫിന് രണ്ടു പേരെയും യു.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാം. മുന്നണിയിലെ വലിയ കക്ഷിയായ സി.പി.എം അവരുടെ സീറ്റില്‍ വിട്ടുവീഴ്ച ചെയ്യില്ല. രണ്ടാമത്തെ സീറ്റ് ആര്‍ക്കെന്ന തര്‍ക്കം മുന്നണിയില്‍ ഉയര്‍ന്നിട്ടുണ്ട്. സീറ്റിലേക്ക് സിപിഐയും കേരള കോണ്‍ഗ്രസ് മാണിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ഒഴിവുവരുന്ന ഒരു സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സി.പി.ഐയും കടുപ്പിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ വിട്ടുനല്‍കിയതടക്കം സിപിഐ ചൂണ്ടിക്കാട്ടുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയില്‍ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് നേതാക്കളുടെ വാദം. എന്നാല്‍, പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് ഒരു പദവിയും ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ കേരള കോണ്‍ഗ്രസ് സമ്മര്‍ദം ആരംഭിച്ചിട്ടുണ്ട്. ഒഴിവ് വരുന്ന ഒരു സീറ്റില്‍ സിപിഎമ്മില്‍ നിന്ന് എം സ്വരാജ് മത്സരിക്കുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ട്.