രാമനാട്ടുകര സ്വർണക്കടത്ത് കേസില് കണ്ണൂർ സ്വദേശിയ്ക്കായി അന്വേഷണം ആരംഭിച്ച് കസ്റ്റംസ്. കണ്ണൂർ അഴീക്കോട് മൂന്നുനിരത്ത് സ്വദേശി അർജുൻ ആയങ്കിനെ (25) ആണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇയാളുടെ വീട്ടിൽ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാനുള്ള തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന. സ്വർണക്കടത്ത് സംഭവത്തിലെ ക്വട്ടേഷൻ സംഘത്തിൽ ഇയാള് ഉൾപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.
ബുധനാഴ്ച രാവിലെവരെ അർജുൻ വീട്ടിലുണ്ടായിരുന്നു. രാമനാട്ടുകര സംഭവം നടന്ന ദിവസം പുലർച്ചയ്ക്കാണ് അർജുൻ വീട്ടിലെത്തിയതെന്ന് വീട്ടുകാർ കസ്റ്റംസിനോട് പറഞ്ഞു. കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ ആക്രമണത്തിൽ ഉൾപ്പെട്ട സംഘങ്ങൾ പിന്നീട് ക്വട്ടേഷൻ പ്രവർത്തനത്തിലേക്ക് നീങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അതിൽപെട്ട ആളാണോ അർജുനെന്നും സംശയമുണ്ട്. അർജുൻ നേരത്തെ സി.പിഎം. അനുഭാവിയായിരുന്നു. ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല. കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ പ്രതിയായ ഒരാളും സംഘത്തിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
കസ്റ്റംസിന്റെ പിടിയിലായ പെരിന്തൽമണ്ണ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അർജുന്റെ പങ്കാളിത്തം വ്യക്തമായത്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് അർജുൻ വിമാനത്താവളത്തിലെത്തിയതെന്നാണ് ഷഫീഖ് കസ്റ്റംസിനോട് പറഞ്ഞത്. ഷഫീഖിന്റെ മൊബൈലിലേക്ക് തിരിച്ചറിയാനായി കാറിന്റെ ചിത്രവും അയച്ചു കൊടുത്തിരുന്നു. സ്വർണം തട്ടിയെടുക്കാൻ സാദ്ധ്യതയുണ്ടെന്നും വിമാനത്താവളത്തിൽനിന്ന് ബാത്ത്റൂമിൽ കയറി പുതിയ വസ്ത്രം ധരിച്ച് ഫോട്ടോ അയച്ചു തരണമെന്നും അർജുൻ ആവശ്യപ്പെട്ടിരുന്നു. കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഷഫീഖ് വിമാനമിറങ്ങിയപ്പോൾ തന്നെ പിടിയിലായി.
Read more
ബുധനാഴ്ച രാവിലെവരെ സജീവമായ അർജുന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് കസ്റ്റംസ് പരിശോധനയുടെ വാർത്ത പുറത്തു വന്നതോടെ പ്രൊഫൈൽ ലോക്കായി. അതിനിടെ ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന സരിൻ ശശി ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റും ക്വട്ടേഷൻ സംഘത്തിലുള്ളവരുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട്.