ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി. ഫലപ്രദമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്ന ആരോപണമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉന്നയിക്കുന്നത്. ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഇത്രയും മോശമായ ഒരു അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു.
സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്ന് മാത്രമല്ല ചര്‍ച്ച ചെയ്യാതെ ചര്‍ച്ച ചെയ്തുവെന്ന് വരുത്തിതീര്‍ത്തുവെന്ന് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ഫലപ്രദമായി ചര്‍ച്ച നടന്നിട്ടില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഭിപ്രായം തുറന്നുപറയുന്നവര്‍ക്കെതിരെ വിശദീകരണം പോലും കേള്‍ക്കാന്‍ അവസരം കൊടുക്കാതെ നടപടിയെടുക്കുന്ന സംഭവത്തെയും ഉമ്മന്‍ചാണ്ടി അപലപിച്ചു. ജനാധിപത്യപരമായ രീതിയില്‍ നടപടി എടുക്കുന്നതിന് മുമ്പ് തന്നെ വിശദീകരണം ചോദിക്കേണ്ട മര്യാദ ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
കേരളത്തില്‍ മുന്‍പും പുനസംഘടന നടന്നിട്ടുണ്ട്. അന്നൊക്കെ കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കുമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡിന് തീരുമാനമെടുക്കാന്‍ എളുപ്പമായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടുക്കി കോട്ടയം ജില്ലകളിലെ പ്രസിഡന്റുമാര്‍ക്കായി താന്‍ ചരടുവലി നടത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഉള്‍പ്പെടെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടിക പൂര്‍ണമായും അംഗീകരിക്കുന്നുവെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കേരളത്തില്‍ നേതൃത്വം ഇത് സംബന്ധിച്ച് ആവശ്യത്തിന് ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ഹൈക്കമാന്‍ഡിന് തീരുമാനം എളുപ്പമാകുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Read more
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 14 ഡിസിസി അധ്യക്ഷന്മാരേയും അംഗീകരിക്കുന്നു. എല്ലാവരും തന്റെ ആളുകളാണെന്നും അങ്ങനെയാണ് അവര്‍ തിരിച്ചും തന്നെ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. അച്ചടക്ക നടപടികള്‍ സംബന്ധിച്ചും ഉമ്മന്‍ചാണ്ടിക്ക് സമാനമായ അഭിപ്രായമാണ് ചെന്നിത്തല പറഞ്ഞത്. വിശദീകരണം ചോദിച്ച ശേഷമാകാമായിരുന്നു നടപടിയെന്നാണ് ചെന്നിത്തലയുടെ പക്ഷം.