വഞ്ചിക്കകത്തിരുന്ന് വഞ്ചി തുരന്നു മുക്കാന്‍ ശ്രമിക്കുന്നവരൊക്കെ പുറത്തു പോകുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തല

യൂ.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരാനുള്ള ജെ.ഡി.യു വിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശേ് ചെന്നിത്തല. ജെഡിയുവിന്റേത് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. വഞ്ചിക്കകത്തിരുന്ന് വഞ്ചി തുരന്നു മുക്കാന്‍ ശ്രമിക്കുന്നവരൊക്കെ പുറത്തു പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍ ചെയ്ത് പറയാനുള്ള സാമാന്യ മര്യാദ പോലും അവര്‍ കാട്ടിയില്ല. വിവരം അറിഞ്ഞത് ടെലിവിഷനിലൂടെയാണ് യുഡിഎഫ് വിട്ടതിന്റെ കാരണം വീരേന്ദ്രകുമാര്‍ പറയുന്നില്ല. യുഡിഎഫില്‍ നിന്നപ്പോഴുണ്ടായ നഷ്ടം എന്താണെന്ന് പറയണം. എല്ലാ സീറ്റിലും തോറ്റത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. യുഡിഎഫില്‍ ഇരുന്ന് എല്‍ഡിഎഫുമായി ബന്ധവമുണ്ടാക്കി. ഇത് രാഷ്ട്രീയ അധാര്‍മികതയാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ് ജെ.ഡി.യു വിന്റെ മുന്നണിമാറ്റമെന്ന്് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സനും അഭിപ്രായപ്പെട്ടു. വ്യക്തമായ കാരണങ്ങളില്ലാതെയാണ് ജെ.ഡി.യു മുന്നണി മാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജെ.ഡി.യു യു.ഡി.എഫ് വിട്ടതായുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് പാര്‍ട്ടി ചെയര്‍മാന്‍ എം.പി വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പാര്‍ട്ടി അംഗങ്ങള്‍ ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണിതെന്നുമാണ് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്.