വയനാട് എ ഗ്രൂപ്പിന് ലഭിച്ചതായി സൂചന, രമേശ് ചെന്നിത്തല ചര്‍ച്ച പൂര്‍ത്തിയാക്കാതെ മടങ്ങുന്നു

വയനാട് ലോക്സഭാ സീറ്റിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായെന്ന് സൂചന. കേരളത്തില്‍ ഇനിയുള്ള നാലു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വയനാട് സീറ്റ് എ ഗ്രൂപ്പിന് ലഭിച്ചതായിട്ടാണ് സൂചന. ഇതോടെ ചര്‍ച്ച പൂര്‍ത്തിയാക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

ഇതിന്റെ അടിസ്ഥനത്തില്‍ ടി സിദ്ദീഖ് വയനാട് മത്സരിക്കുന്നതിനാണ് സാധ്യത. അതേസമയം വര്‍ഷങ്ങളായി തങ്ങള്‍ മത്സരിക്കുന്ന സീറ്റില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ വേണ്ട, മറിച്ച് തങ്ങളുടെ ഗ്രൂപ്പിലെ ഷാനിമോള്‍ ഉസ്മാനെ തന്നെ മത്സരിപ്പിക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്. ആലപ്പുഴ ഷാനിമോള്‍ ഉസ്മാന് നല്‍കി വയനാട് ടി സിദ്ദീഖിന് നല്‍കാനാണ് നിലവിലെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് തന്നെയായിരിക്കും നറുക്ക് വീഴുക. വടകരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യമാണ് ചര്‍ച്ചകളിലുള്ളത്. പി ജയരാജനാണ് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവിയില്‍ തുടരുന്നത് കൊണ്ട് ഇത്തവണ വടകരയില്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. അഡ്വ. പ്രവീണ്‍ കുമാറിന്റെ പേരാണ് വടകരയില്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. പക്ഷേ അന്തിമ തീരുമാനം ആയിട്ടില്ല.

Read more

വിജയസാധ്യതയുള്ള വയനാട് വിട്ടു കൊടുക്കില്ലെന്ന നിലപാടില്‍ ഇരു ഗ്രൂപ്പുകളും ഉറച്ച് നിന്നതോടെയാണ് ഹൈക്കമാന്‍ഡിന് തലവേദനയായത്. നാല് മണ്ഡലങ്ങളെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിന് ഗ്രൂപ്പുകള്‍ തമ്മില്‍ സമവായത്തിലെത്തിയിട്ടില്ല.