ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാങ്മൂലം തിരുത്തി കോടതിയിൽ നൽകാൻ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതസൗഹാർദ്ദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കി. അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമിച്ചു. വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടിമെതിച്ചു. വിശ്വാസികൾ ഇതിന് തിരിച്ചടി നൽകും. വിശ്വാസികളോട് മാപ്പ് പറയാൻ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
കോൺഗ്രസിൽ തലമുറ മാറ്റത്തിന്‍റെ സമയമാണെന്ന് ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വൈകിയതിന് കാരണങ്ങളില്‍ ഒന്ന് ഇതാണ്. സ്ഥാനാർത്ഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങള്‍ ആണ്. തലമുറ മാറ്റം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് എതിരായ ആരോപണം ചെന്നിത്തല ആവർത്തിച്ചു. ഇ.എം.സി.സിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ വെച്ചും ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഉടൻ പുറത്തു വിടുമെന്നും ചെന്നിത്തല പറഞ്ഞു.