കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വി. എം സുധീരനുമായി ചർച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല. സുധീരൻ രാഷ്ട്രീയ കാര്യ സമിതിയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ട് മുന്നോട്ടു പോകുന്ന പ്രവർത്തന ശൈലി സ്വീകരിക്കും. പാർട്ടി ഒറ്റകെട്ടായി പ്രവർത്തിക്കേണ്ട സാഹചര്യമാണാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.
പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകാൻ തയ്യാറാണെന്ന് കെ സുധാകരൻ പറഞ്ഞിട്ടുണ്ട്. കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സുധീരന്‍റെ രാജി നിർഭാഗ്യകരമാണെന്ന് എം എം ഹസന്‍ പ്രതികരിച്ചു. അദ്ദേഹവുമായി സംസാരിച്ച് വിഷയം പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടിയാലോചനകൾ ഇല്ലെന്ന പരാതി നേതൃത്വം ചർച്ച ചെയ്യണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കെപിസിസി മുൻ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവച്ചത്. കടുത്ത അതൃപ്തിയെ തുടർന്നാണ് സുധീരന്‍റെ രാജി. എന്നാല്‍, വി എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ടെന്നും രണ്ട് തവണ വി എം സുധീരനെ വിളിച്ചിരുന്നുവെന്നും കെ സുധാകരൻ പറയുന്നു. ‘അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ട്. പലരും എത്താറില്ല എന്നതാണ് പ്രശ്നം’. ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പിഴവ് കൊണ്ടാണ് രാജി എന്ന് കരുതുന്നില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
അതേസമയം, കെപിസിസി പുനഃസംഘടന സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. കെപിസിസി നേതൃത്വം ഇതിനകം എ-ഐ ഗ്രൂപ്പുകളിൽ നിന്ന് പട്ടിക വാങ്ങിയിട്ടുണ്ട്. ഇരുഗ്രൂപ്പുകളെയും പരിഗണിച്ച് പരാതിയില്ലാതെ പുനഃസംഘടന തീർക്കാനാണ് ശ്രമം. രാജിവെച്ച വി എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമവും ഇന്ന് ഉണ്ടാകും.