ഒരു ജനപ്രതിനിധി എങ്ങനെയാവാൻ പാടില്ല എന്നതിന് ഉദാഹരണമാണ് രമ്യ ഹരിദാസ്: സി.പി.എം

ഒരു ജനപ്രതിനിധി എങ്ങനെയാവാൻ പാടില്ല എന്നതിന് ഉദാഹരണമാണ് ആലത്തൂരിലെ എം.പി രമ്യ ഹരിദാസ് എന്ന് സി.പി.ഐ (എം). നിരന്തരമായ നുണ പ്രചരണങ്ങളിലൂടെയും കപട നാടകങ്ങളിലൂടെയും ആലത്തൂരിലെ ജനങ്ങളെ എം.പി കബളിപ്പിക്കുകയാണ്. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ നാൾ മുതലിങ്ങോട്ട് ഇതു തന്നെയാണ് പരിപാടി എന്നും ആലത്തൂര്‍ സി.പി.ഐ (എം) പ്രസ്താവനയിൽ ആരോപിച്ചു.

ആലത്തൂര്‍ സി.പി.ഐ (എം) പ്രസ്താവന:

ഒരു ജനപ്രതിനിധി എങ്ങനെയാവാൻ പാടില്ല എന്നതിന് ഉദാഹരണമാണ് ആലത്തൂരിലെ എം പി രമ്യ ഹരിദാസ്. നിരന്തരമായ നുണ പ്രചരണങ്ങളിലൂടെയും കപട നാടകങ്ങളിലൂടെയും ആലത്തൂരിലെ ജനങ്ങളെ എം പി കബളിപ്പിക്കുകയാണ്. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ നാൾ മുതലിങ്ങോട്ട് ഇതു തന്നെയാണ് പരിപാടി.

കൊട്ടിക്കലാശം നടക്കുന്ന ദിവസം സ്ഥാനാർത്ഥിയുടെ സന്തത സഹചാരി പാളയം പ്രദീപ് തന്നെ രമ്യയുടെ നേർക്ക് കല്ലെറിയുകയും അത് സി പി ഐ എം പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയും ആ സിമ്പതി ഉപയോഗിച്ച് വോട്ട് നേടി വിജയിക്കുകയുമാണുണ്ടായത്. പാളയം പ്രദീപ് കല്ലെറിയുന്നതും “ചതിച്ചല്ലോടാ” എന്ന് അനിൽ അക്കര നിലവിളിക്കുന്നതുമെല്ലാം വീഡിയോ സഹിതം പുറത്തുവിട്ടതുമാണ്.
ഇലക്ഷൻ കഴിഞ്ഞ് വിജയിച്ച എം പി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുമെന്ന് കരുതിയ ജനങ്ങൾക്ക് കൊട്ടും പാട്ടും മാത്രമായിരുന്നു ലഭിച്ചത്. നാട്ടിലെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്നാവശ്യപെട്ട എലവഞ്ചേരി മൂച്ചിക്കലിൽ തന്നെ സ്വീകരിക്കാൻ എത്തിയ സ്ത്രീകളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന എം പി യുടെ മുഖവും പാവപ്പെട്ട വോട്ടർമാർക്ക് കാണേണ്ടി വന്നു. ഇതൊക്കെ ആണെങ്കിലും
തൊഴിലുറപ്പ് തൊഴിലാളികളുടെ അടുക്കലെത്തി പാട്ടു പാടിയും കെട്ടിപിടിച്ചും ഫോട്ടോ എടുത്തും ഫാൻ്റസി പാർക്കിലെത്തിയ കുട്ടിയുടെ പ്രതീതി ആയിരുന്നു എം പിക്ക്. ഇതിനിടയിൽ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ എം പി കണ്ടില്ലെന്ന് നടിച്ചു.

എം പി ക്ക് എല്ലാ ഒത്താശകളും ചെയ്ത് കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ എം പി യിലെ അഭിനേത്രി സടകുടഞ്ഞെഴുന്നേറ്റു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ ഏതോ മനുഷ്യൻ തൻ്റെ വാഹനം ബ്ലോക്ക് പഞ്ചായത്തിലെ മരത്തണലിൽ നിർത്തി ബസ് കയറി എങ്ങോട്ടോ പോയി ബ്ലോക്കിലെത്തിയ എം പി ഈ വാഹനം കണ്ടു വാഹനത്തിനു പുറകിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കെ ഡി പ്രസേനൻ്റെ സ്റ്റിക്കർ പതിച്ചത് കണ്ടതോടെ എം പി ക്ക് ഹാലിളകി. സർവീസ് വോട്ടിംഗ് നടക്കുന്ന കേന്ദ്രത്തിൻ്റെ മുന്നിൽ വാഹനം നിർത്തിയ പേരറിയാത്ത ആ മനുഷ്യനെന്തോ രാജ്യദ്രോഹക്കുറ്റം ചെയ്ത പോലായിരുന്ന എം പി യുടെ പ്രകടനവും അഭിനയവും. എല്ലാ മാധ്യമങ്ങളേയും വിളിച്ച് വാർത്ത നൽകിയെങ്കിലും സത്യം മനസ്സിലായ മാധ്യമ പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു. പാളയം പ്രദീപ് ഒരു നിലക്കും പച്ച പിടിക്കുന്നില്ലെന്ന് കണ്ട എം പി അടുത്തതായി ഇറക്കിയത് ജാതിക്കാർഡ് ആയിരുന്നു.

തിരഞ്ഞെടുപ്പിൻ്റെ തലേ ദിവസം കിഴക്കഞ്ചേരി കൊഴുക്കുള്ളിയിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്താൻ പോയി. തങ്ങളുടെ കുടുംബക്ഷേത്രത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ വിളിച്ചത് രാഷ്ട്രീയമാണെന്നും മറ്റ് സ്ഥാനാർത്ഥികളെ വിളിക്കാത്തത് എന്താണെന്നും കുടുംബ കാരണവന്മാർ പരസ്പരം സംസാരിച്ചത് കേട്ട എം പി ഉടൻ തന്നെ അഭിനയം പുറത്തെടുത്തു. അമ്പലത്തിൻ്റെ ഏതോ മൂലയിൽ സി പി ഐ എം നേതാവിനെ കൂടി കണ്ടതോടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചേ എന്നും പറഞ്ഞ് നിലവിളി ആരംഭിച്ചു. സംഭവിക്കുന്നതെന്താണെന്ന് ക്ഷേത്രത്തിലുള്ളവർക്ക് മനസ്സിലാവും മുന്നേ ദളിതയായ തന്നെ അമ്പലത്തിൽ കയറ്റിയില്ലെന്നാരോപിച്ച് കുത്തിയിരിപ്പ് സമരവും ആരംഭിച്ചു. എം പി തന്നെ എല്ലാ മാധ്യമ പ്രവർത്തകരേയും വിളിച്ച് അറിയിച്ചെങ്കിലും ബുദ്ധി ഉള്ള ഒറ്റ മാധ്യമ പ്രവർത്തകനും തിരിഞ്ഞു നോക്കിയില്ല. തിരഞ്ഞെടുപ്പ് തലേന്ന് ഉണ്ടാക്കിയ നാടകത്തിലൂടെ അട്ടിമറി വിജയം പ്രതീക്ഷിച്ച എം പി ക്കേറ്റ വലിയ തിരിച്ചടിയായിരുന്നു. ശേഷം കൂടെ ഉണ്ടായിരുന്ന അനിൽ അക്കരയും സുമേഷ് അച്ചുതനും പാളയം പ്രദീപും എട്ടു നിലയിൽ പൊട്ടിയതോടെ എം പി യുടെ സമനില തെറ്റി കോവിഡ് കാലത്ത് പോലും ജനങ്ങൾക്ക് ഒരു ഉപകാരവും ചെയ്യാൻ കഴിയാത്ത ജനപ്രതിനിധിയായി എം പി മാറി.

പാട്ടിലും നാടകത്തിലും താത്പര്യമില്ലാത്ത ആലത്തൂർ ജനത എം പിയെ മറന്നു തുടങ്ങിയ ഘട്ടത്തിലാണ് ദിവസങ്ങളോളം ഇരുന്ന് തയ്യാറാക്കിയ സ്ക്രിപ്റ്റുമായി കഴിഞ്ഞ ദിവസം ആലത്തൂരിലെത്തിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മഴക്കാലപൂർവ്വ ശുചീകരണത്തിലേർപ്പെട്ടിരുന്ന ആലത്തൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ഒരുമിച്ച് വിളിച്ചു ചേർത്ത് കോവിഡ് മാനദണ്ഡം ലംഘിച്ച് സെൽഫി എടുക്കാൻ തുനിയുകയായിരുന്നു. മാനദണ്ഡങ്ങളെക്കുറിച്ച് ബോധമുള്ള തൊഴിലാളികൾ എം പി യോട് ഇത് തെറ്റാണെന്ന് പറഞ്ഞതോടെ എം പി യുടെ അപകർഷതാബോധം ഉണർന്നു. സ്ഥലം മെമ്പർ നജീബ് കൂടി എത്തിയതോടെ സന്തത സഹചാരി പാളയം പ്രദീപുമൊത്ത് സ്ക്രിപ്റ്റ് നടപ്പാക്കി തുടങ്ങി. ഒരു കാരണവുമില്ലാതെ തനിക്ക് നേരെ ആക്രോശിക്കുന്നത് കണ്ട നജീബും തൊഴിലാളികളും സ്തബ്ദരായി നിന്നു. ഇതിനിടയിൽ നജീബിനും മുൻ പഞ്ചായത്ത് പ്രസിഡൻറ് എം എ നാസറിനും നേരെ പാളയം പ്രദീപിൻ്റെ വധഭീഷണിയും തുടർന്ന്‌ റോഡിൽ കുത്തിയിരിക്കുക എന്ന എം പി യുടെ പതിവ് പരിപാടി ഇവിടെയും എടുത്തെങ്കിലും കാണാൻ ആളുകൾ ഇല്ലാത്തതു കൊണ്ട് സ്വമേധയാ എഴുന്നേറ്റ് പോയി. ചാനലിൽ പോയിരുന്ന നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞോണ്ടിരുന്ന എം പി യോടുള്ള തൊഴിലാളികളുടെ പ്രതികരണവും സാമൂഹ്യ മാധ്യമങ്ങളിലുണ്ട്.

എല്ലാ വിഷയങ്ങളിലും നവോത്ഥാന മേമ്പൊടി പുരട്ടി ദളിതയായ തന്നെ വഴി നടക്കാൻ അനുവദിക്കുന്നില്ലെന്ന് പറയുക വഴി വെളിപ്പെടുന്നത് എം പി യുടെ ജീർണ്ണിച്ച രാഷ്ട്രീയം മാത്രമാണ്. ഉത്തരേന്ത്യയിൽ മാത്രം കണ്ടു വരുന്ന ജാതിക്കാർഡ് ഇറക്കിയും നുണകളുടെ മലവെള്ളപ്പാച്ചിൽ തീർത്തും ജനങ്ങളെ കബളിപ്പിക്കാനാണ് ഉത്തരവാദിത്തമുള്ള ജനപ്രതിനിധി ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയാത്തതിലുള്ള എം പി യുടെ നിരാശബോധം പാവം ജനങ്ങളുടെ മേൽ തീർക്കാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രതിഷേധമുയരും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ