രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജി സ്വാഗതം ചെയ്യുന്നു; സജി ചെറിയാനും മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് വിഡി സതീശന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറഞ്ഞ സജി ചെറിയാനും മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന്‍ രഞ്ജിത്തിന്റെയും അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെയും രാജി സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു.

ഗുരുതര ആരോപണത്തിന്റെ സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണം. സാംസ്‌കരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സജി ചെറിയാന്‍ സ്വമേധയാ രാജി വെച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയില്‍
പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്. പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്‍ഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു.

Read more

ഇരകളെയും വേട്ടക്കാരെയും ഒരുമിച്ച് ഇരുത്തിയുള്ള കോണ്‍ക്ലേവ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണമെന്നും വിഡി സതീശന്‍ അറിയിച്ചു.