പ്രിയാ വര്‍ഗീസ് ഉള്‍പ്പെട്ട റാങ്ക് പട്ടിക പുനഃപരിശോധിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. പട്ടികയിലുള്ള മൂന്നുപേരുടെയും യോഗ്യത പരിശോധിക്കും. ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കും. പുതിയ പട്ടിക സിന്‍ഡിക്കറ്റിനു മുന്നില്‍വയ്ക്കുമെന്നും ഹൈക്കോടതി വിധിയില്‍ അപ്പീല്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി വിധി പ്രകാരം റിസര്‍ച്ച് എക്‌സ്പീരിയന്‍സ് ടീച്ചിംഗ് എക്‌സ്പീരിയന്‍സ് ആകില്ല. വിധിപ്പകര്‍പ്പ് കിട്ടിയാലേ കൂടുതല്‍ വ്യക്തത വരികയുള്ളൂ. വിധി വളരെയധികം അധ്യാപകരെ ബാധിക്കും. ഷോര്‍ട്ട് ലിസ്റ്റിലെ മൂന്ന് പേരുടെയും യോഗ്യതകള്‍ വീണ്ടും പരിശോധിക്കും. ഹൈക്കോടതി വിധി നടപ്പിലാക്കാതെ വഴിയില്ല.
എഫ് ഡി പി എടുത്ത് റിസര്‍ച്ച് ചെയ്യാന്‍ പോവുന്ന നിരവധി പേരുണ്ട് അവര്‍ക്ക് ഈ വിധി ബാധകമാവും. പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് പുതിയ യുജിസി മാര്‍ഗനിര്‍ദ്ദേശം പ്രകാരം അപേക്ഷിക്കുമ്പോള്‍ പല അധ്യാപകര്‍ക്കും ഈ വിധി തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read more
പ്രിയ വര്‍ഗീസിനോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ട ഡോക്യുമെന്റ് സ് കിട്ടിയാല്‍ കോടതി ഉത്തരവനുസരിച്ച് വീണ്ടും പരിശോധിക്കും. ഇനി അഭിമുഖമുണ്ടാവില്ല. പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാല്‍ സ്വാഭാവികമായും രണ്ടാം റാങ്കുകാരനെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.