ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ സിദ്ദിഖിനെ വിട്ടയച്ചു. മൂന്ന് മണിക്കൂറാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയാണുണ്ടായത്. ശനിയാഴ്ച വീണ്ടും ഹാജരാകണം.
തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ ഹാജരായ സിദ്ദിഖിനെ, ഹാജരാകാൻ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി ഇവിടെ നിന്നും കൻ്റോൺമെന്റ് സ്റ്റേഷന്റെ ഭാഗമായ കൺട്രോൾ സെൻ്ററിലേക്ക് മാറ്റിയിരുന്നു.
സുപ്രീംകോടതി ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാത്ത സാഹചര്യത്തിൽ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകിയത്. ഇതിന് പിന്നാലെയാണ് ഹാജരാകാൻ നടന് പൊലീസ് നോട്ടീസ് നൽകിയത്. 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.