അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുൻപെ അടുത്ത ക്രൂരകൃത്യം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ആലുവയിലാണ് സംഭവം. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 9 വയസുകാരിയാണ് പീഡനത്തിനിരയായത്.
ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ അവർ അന്വേഷണം തുടങ്ങി പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
സമീപത്തെ പാടത്തു നിന്നും പുലർച്ചെ അഞ്ചുമണിയോടെയാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
സിസിടിവി ദൃശ്യവും, സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞുവെന്നും. ഇയാൾ നാട്ടുകാരൻ തന്നെയാണെന്നുമാണ് സൂചന. പ്രതിയെ കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണ് പൊലീസ്.