'മോഹന്‍ലാലിനും ഗോകുലം ഗോപാലനും കഥയറിയില്ല; എമ്പുരാന്‍ ഇരുവരെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന'; അണികള്‍ക്ക് ക്യാപ്‌സ്യൂളുമായി ആര്‍എസ്എസ്; കളി അവസാനിപ്പിക്കുമെന്നും ഭീഷണി

എമ്പുരാന്‍ സിനിമക്കെതിരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിക്കുമ്പോള്‍ അണികള്‍ക്ക് പുതിയ ക്യാപ്‌സ്യൂളുമായി ആര്‍എസ്എസ് സമ്പര്‍ക്ക് പ്രമുഖ് എ ജയകുമാര്‍.
‘എമ്പുരാന്‍’ മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചനയെന്നാണ് അദേഹം പറയുന്നത്.

എമ്പുരാന്‍ സിനിമ യുടെ കഥയും ആവിഷ്‌കാരവും കോടിക്കണക്കിന് ജനങ്ങളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പൃഥ്വിരാജും കൂട്ടരും ചതിച്ചത് നമ്മുടെ നാടിനെയും ഭരണകൂടത്തെയും ആണ്. എന്‍ഐഎ പോലുള്ള ദേശീയ ഏജന്‍സികളെ ജനലക്ഷങ്ങളുടെ മുന്‍പില്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ആര്‍ക്ക് വേണ്ടിയായിരുന്നു.

മുല്ലപ്പെരിയാര്‍ ഡാം ബോംബിട്ട് തകര്‍ത്തു കേരളത്തെ നശിപ്പിക്കും എന്ന ഭീഷണി കേന്ദ്രത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്നതായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രത്തിനെ കൊണ്ട് പറയിപ്പിച്ചത് നിര്‍ദോഷമായ കലയല്ല, കുത്സിത പ്രവര്‍ത്തനം ആണ്. അതിന് ഗുജറാത്ത് കലാപവുമായി ഒരു ബന്ധുവുമില്ല എന്ന് മാത്രമല്ല അങ്ങനെയൊരു ആഖ്യായികയോട് ഒരു തരത്തിലും ബന്ധപ്പെടുത്തുവാന്‍ കഴിയുന്ന കാര്യവുമല്ല . തിരക്കഥാകൃത്തിന്റെയും അണിയറയിലെയും അരംഗത്തെയും ഗൂഢാലോചകരുടെ ലക്ഷ്യമാണ് അത്തരം ഒരു ഭീഷണിയിലൂടെ പുറത്തുവരുന്നത്.

സെന്‍സര്‍ ബോര്‍ഡിനു കാണാന്‍ കഴിയാത്തതു തീയേറ്ററില്‍ പോയ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. മോഹന്‍ലാലിനും ഗോകുലം ഗോപാലേട്ടനും പറയാന്‍ അറയ്ക്കുന്നത് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല. തെറ്റിദ്ധരിപ്പിക്കപ്പെടുകയും പ്രിവ്യൂ ഇല്ലാതിരിക്കുകയും, കഥയുടെ പൂര്‍ണ രൂപം മനസ്സിലാക്കിക്കാതെയും ആണ് സിനിമ തിയേറ്ററില്‍ ഗോപാലേട്ടനും ലാലേട്ടനും എത്തുന്നത്.

സിനിമാ ലോകത്തെ രാജാക്കന്മാരായ ഗോപാലേട്ടനെയും ലാലേട്ടനെയും അക്ഷരാര്‍ത്ഥത്തില്‍ കൊലക്കുകൊടുക്കുകയാണ് ചിലര്‍ ചെയ്തത് . പൃഥ്വിരാജും സഹായികളും ചെയ്തത് രാജ്യദ്രോഹകുറ്റമാണ്. ഈ നാട്ടിലെ ജനകോടികള്‍ ഇതിനു വിധി എഴുതട്ടെ . സിനിമയില്‍ രാഷ്ട്രീയവും മതവും കലര്‍ത്തി കേരളത്തെയും മലയാളികളെയും ഇടത് തീവ്രവാദ കൂടാരത്തിലേക്ക് കൊണ്ടുപോകാം എന്ന് ധരിക്കുന്നവരെ സിനിമ ലോകം ചവറ്റു കൊട്ടയിലെറിയും.

ഇവിടെ കരളുറപ്പുള്ള ഒരു പ്രധാനമന്ത്രിയും കൈവിലങ്ങ് വയ്ക്കാന്‍ കരുത്തുള്ള ആഭ്യന്തരമന്ത്രിയും ഉള്ള നാടാണ്. കളം വിട്ടു കളിച്ചാല്‍ കാണികള്‍ ഉണ്ടാവില്ല എന്ന് മാത്രമല്ല, എന്നെന്നേക്കുമായി കളി അവസാനിപ്പിക്കുകയും ചെയ്യുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍, അദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെ് പ്രവര്‍ത്തകരുടെ പൊങ്കാലയാണ്. സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ പിന്നെ എന്തു ചെയ്യാനാണ് അവിടെ ഇരിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. അതേസമയം, എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി അറിയില്ല. വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെ പറ്റി അറിയില്ലെന്നും അതിനെ പറ്റി അത് പറയുന്നവരോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം, ബിജെപി കോര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തത് എന്ന നിലയില്‍ എമ്പുരാന്‍ സിനിമയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധമാണ് ബിജെപി ജനറല്‍ സെക്രട്ടറി പി സുധീര്‍ പറഞ്ഞു. ബിജെപി കോര്‍യോഗം എമ്പുരാന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാര്‍ത്ത പിന്‍വലിക്കണമെന്ന് ബിജെപി അഭ്യര്‍ത്ഥിക്കുന്നു.

Latest Stories

'മുനമ്പം പറയുന്നവർ സ്റ്റാൻ സ്വാമിയേയും ഗ്രഹാം സ്റ്റെയിൻസിനേയും മറക്കരുത്'; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

IPL 2025: ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; വ്യക്തിപരമായ കാരണങ്ങളാൽ മത്സരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി സൂപ്പർ താരം

മലപ്പുറത്ത് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീ വീണുമരിച്ചു

'ഭരണഘടനാപരം, ഭരണഘടനാവിരുദ്ധം എന്നീ വാക്കുകള്‍ അത്ര നിസാരമായി ഉപയോഗിക്കരുത്': കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് ബിൽ; ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍

"മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ, ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ"; പ്രതികരിച്ച് എം ജി ശ്രീകുമാർ

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി; പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിൽ സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്തയും

ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്ന് ഹൈക്കോടതി; 'ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്'