റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയില്ലേ? ആശങ്ക വേണ്ട, പുതുക്കിയ തീയതി അറിയാം

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് കാലാവധി നീട്ടിവയ്ക്കുന്നതായി അറിയിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. മുന്‍ഗണന പട്ടികയിലുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികളാണ് ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്.

റേഷന്‍ കാര്‍ഡില്‍ മുന്‍ഗണന വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് കാര്‍ഡ് അംഗങ്ങളായവര്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ടെന്നും ഇവര്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇകെ വിജയന്‍ എംഎല്‍എ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇതിന് മറുപടിയായാണ് ജിആര്‍ അനില്‍ ഒക്ടോബര്‍ 25 വരെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിട്ടുള്ളതായി അറിയിച്ചത്. മുന്‍ഗണന പട്ടികയിലുള്ള 20 ശതമാനം കാര്‍ഡ് അംഗങ്ങള്‍ക്ക് മസ്റ്ററിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാര്‍ഡ് അംഗങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം വിദേശത്തുള്ള കാര്‍ഡ് അംഗങ്ങളെ നിലനിര്‍ത്താനാണ് തീരുമാനം. ഇതോടൊപ്പം മുന്‍ഗണന കാര്‍ഡിലുള്ള മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മാസത്തെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കുമെന്നും ജിആര്‍ അനില്‍ വ്യക്തമാക്കി.