സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ സര്‍വര്‍ തകരാര്‍ മാറുന്നത് വരെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. ജില്ലകളിലെ റേഷന്‍ വിതരണത്തില്‍ മാറ്റം വരുത്തി. അതേസമയം റേഷന്‍ വിതരണം സുഗമമായി നടക്കുന്നുവെന്നും അരി വിതരണത്തിന് തടസ്സങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
സംസ്ഥാനത്തെ 7 ജില്ലകളില്‍ ഉച്ച വരെയും ബാക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും റേഷന്‍ വിതരണം നടത്തും. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ കാലത്ത് 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ റേഷന്‍ കടകളില്‍ വിതരണം നടക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ഉച്ച കഴിഞ്ഞാണ് റേഷന്‍ വിതരണം നടക്കുക.
നിലവിലെ സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നത് വരെയാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 92 ലക്ഷം കാര്‍ഡ് ഉടമകളില്‍ 13 ലക്ഷം പേര്‍ക്ക് മാത്രമാണ് ഈ മാസം റേഷന്‍ വിതരണം ചെയ്തത്.
സംസ്ഥാനത്ത് ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ അഞ്ചാം ദിവസവും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. ഇ പോസ് മെഷിന്‍ പണിമുടക്കുന്നതിനാല്‍ ആളുകള്‍ സാധനം വാങ്ങാനാകാതെ തിരികെ പോകുകയായിരുന്നു. സംസ്ഥാനത്തിന് കീഴില്‍ വരുന്ന നെറ്റ് വര്‍ക്ക് സംവിധാനത്തിലെ പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം. ഐടി വകുപ്പിന്റെ ചുമതലയിലുള്ള കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററാണ് സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സര്‍വര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ തകരാര്‍.
മെഷീനുകള്‍ തകരാറിലാകുമ്പോള്‍ നന്നാക്കുന്നു എന്നല്ലാതെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു.