ഇപി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കരാറില്ലെന്ന് രവി ഡിസി പൊലീസിന് മൊഴിനല്‍കിയെന്നതാണ് പുറത്തുവരുന്ന വിവരം. ഇപി ജയരാജനുമായി ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രസിദ്ധീകരണത്തെക്കുറിച്ച് കരാറുണ്ടാക്കാന്‍ ധാരണിയിലെത്തിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്നോട്ടുപോയതെന്നും രവി ഡി സി പൊലീസിന് മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.
കോട്ടയം ഡിവൈഎസ്പി കെജി അനീഷ് ആണ് ആത്മകഥാവിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ നല്‍കിയ കേസില്‍ മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുന്‍ നിശ്ചയിച്ച പ്രകാരം ഡിവൈഎസ്പി ഓഫീസില്‍ രവി ഡിസി ഹാജരായാണ് മൊഴി നല്‍കിയത്. കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസിക്ക് കഴിഞ്ഞിരുന്നില്ല. പുസ്തകം വരുന്നു എന്ന ഫെയ്സ്ബുക്ക് പോസ്റ്റും 170-ല്‍ അധികംവരുന്ന പേജുകളുടെ പിഡിഎഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നുമാണ് രവി ഡിസി അന്വേഷണസംഘത്തോടു പറഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ രവി ഡിസിയില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞതിന് ശേഷം അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് സമര്‍പ്പിക്കും. ഇ പി ജയരാജന്റെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കിയിരുന്നു.
ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കരാറില്ലെന്ന് രവി ഡിസി മൊഴി നല്‍കിയതിന് പിന്നാലെ കരാറില്ലെന്നത് സത്യസന്ധമായ കാര്യമാണെന്നും തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥാ വിവാദം സൃഷ്ടിച്ചതെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു. എത്രമാത്രം വലിയ ഗൂഢാലോചനയാണിതെന്നും ഇത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ സംഘടിതമായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്നും ഇപി പറഞ്ഞു. പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരായ ആക്രമണത്തിന്റെയും ഭാഗമായാണ് ഈ ഗൂഢാലോചന നടന്നതെന്നും ഇപി പറഞ്ഞു. ഒപ്പമുള്ള ആരെങ്കിലും ചതിച്ചതാണോ എന്ന ചോദ്യത്തിന് ജയരാജന് വ്യക്തമായ മറുപടി ഇല്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്’കട്ടന്‍ ചായയും പരിപ്പുവടയ്ക്കും പിന്നിലെന്നാണ് ഇപി ജയരാജന്‍ ആവര്‍ത്തിച്ച് പറയുന്നത്.