സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശ. 11ാം ശമ്പള പരിഷ്‌കരണ കമ്മീഷനാണ് ഇത് സംബന്ധിച്ച ശിപാര്‍ശ നല്‍കിയത്. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചാക്കണമെന്നും അവധി ദിവസങ്ങള്‍ പന്ത്രണ്ടായി കുറയ്ക്കണമെന്നും ശിപാര്‍ശയുണ്ട്. പകൽ 10 മുതൽ 5 വരെയാണ് ഇപ്പോൾ സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്നത്. ഉച്ചയ്ക്ക് 1.15 മുതൽ 2 വരെ ഇടവേളയാണ്. പ്രവൃത്തിദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രവൃത്തിസമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 ആക്കി ദീർഘിപ്പിക്കണമെന്നും കമ്മീഷൻ ശിപാര്‍ശ ചെയ്യുന്നു.
സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. ദളിത് ആദിവാസി വിഭാഗങ്ങൾക്കും ഒ.ബി.സിക്കും മാറ്റിവെച്ചിട്ടുള്ള സംവരണത്തിന്റെ 20 % ആ വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.