സംസ്ഥാനത്ത് മദ്യത്തിന്റെ വില കുറയ്ക്കാൻ ശിപാർശ. കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി. തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത്. കോവിഡ് കാലത്തെ വരുമാന നഷ്ടം പരിഹരിക്കുന്നതിന് മെയ് മാസത്തില്‍ ഏർപ്പെടുത്തിയ 35 ശതമാനം സെസ് ഒഴിവാക്കണമെന്നാണ് ശിപാർശ. 212 ശതമാനമായിരുന്ന നികുതി 247 ശതമാനമായാണ് ഉയര്‍ത്തിയത്. ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നൂറു രൂപ വരെ വില കൂടി.
മദ്യത്തിന് വില കൂടിയതിനാൽ ചില്ലറ വിൽപ്പന ശാലകളിൽ വിൽപ്പന കുറഞ്ഞുവെന്നും ബാറുകളിൽ വിൽപ്പന കൂടിയെന്നും ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം. ഇതു അംഗീകരിച്ചാൽ മദ്യവിലയിൽ 30 രൂപ മുതൽ 100 രൂപ വരെ കുറവുണ്ടാകും. നിലവിൽ ഓഗസ്റ്റ് വരെയാണ് സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്.
Read more
മദ്യ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾക്ക് വില കൂടിയതിനാൽ അടിസ്ഥാന നിരക്ക് കൂട്ടണമെന്ന് മദ്യകമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അടിസ്ഥാന നിരക്കില്‍ 7 ശതമാനം വര്‍ദ്ധന അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ ഫെബ്രുവരി 1 മുതല്‍ മദ്യ വില വീണ്ടും കൂടി.