സംസ്ഥാനത്ത് ഡീസലിനു റെക്കാഡ് വില, ലിറ്ററിന് 65 രൂപക്ക് മുകളിൽ

സംസ്ഥാനത്ത് ഡീസലിനു റെക്കാഡ് വില. ലീറ്ററിനു 65 രൂപയ്ക്കു മുകളിലാണ് ഇപ്പോള്‍ ഡീസലിന്റെ വില. കേരളത്തില്‍ ഇതാദ്യമായിട്ടാണ് ഡീസലിനു 65 രൂപയ്ക്കു മുകളില്‍ വില വരുന്നത്. ഇന്ധനവില രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ കേരളത്തില്‍ ഡീസലിന്റെ വില സര്‍വകാല റിക്കോര്‍ഡില്‍ എത്തിയിരിക്കുന്നത്.

ലിറ്ററിനു മൂന്നു രൂപയുടെ വര്‍ധനയാണ് ഒരു മാസം കൊണ്ട് കേരളത്തില്‍ രേഖപ്പെടുത്തിയത്. എറണാകുളത്ത് ഇന്ന് ഡീസലിനു 65 രൂപ 31 പൈസയും കാസര്‍ഗോഡ് ജില്ലയില്‍ 66 നു മുകളിലുമാണ് വില.

പെട്രോളിയം കമ്പനികള്‍ അന്താരാഷട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതു കൊണ്ടാണ് വില വര്‍ധിപ്പിക്കുന്നത് എന്നാണ് പറയുന്നത്. ഈ കാരണം പറഞ്ഞ് പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവാണ് കമ്പനികള്‍ വരുത്തുന്നത്. ഇതിനു പുറമെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും കൂടിചേരുന്നതോടെ സാധാരണക്കാര്‍ കഷ്ടപ്പെടുകയാണ്.

ഇന്ധനവിലയ്ക്കു ജിഎസ്ടി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതായി കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞിരുന്നു. പക്ഷേ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.