സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ബെവ്‌കോ വെയര്‍ ഹൗസുകളിലും ഡിസ്റ്ററികളിലും എക്‌സൈസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ എക്‌സൈസ് കമ്മീഷണര്‍ രംഗത്ത്. ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് എക്‌സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന്‍ കത്ത് നല്‍കി. മദ്യനീക്കം നിരീക്ഷിക്കാനായി ഒരു ഉദ്യോഗസ്ഥന്‍ മാത്രം മതിയെന്നാണ് പുതിയ ഉത്തരവ്.
സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. വ്യാജ മദ്യം തടയുന്നതിനും, മദ്യവില്‍പ്പനയില്‍ ക്രമക്കേട് ഉണ്ടാകാതെ നോക്കാനുമാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നത് ഗോഡൗണുകളിലെ ജോലികളെ ബാധിക്കും. വകുപ്പുമായി കൂടിയാലോചന നടത്താതെയാണ് ഉത്തരവിറക്കിയതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
നിലവില്‍ ബെവ്‌ക്കോ വെയര്‍ ഹൗസുകളില്‍ ഒരു സി.ഐയും, ഒരു പ്രിവന്റീവ് ഓഫീസറും, രണ്ട് എക്‌സൈസ് ഓഫീസര്‍മാരുമാണ് ഉള്ളത്. ബെവ്‌ക്കോ ഗോഡൗണുകളില്‍ എത്തുന്ന മദ്യത്തിന്റെ സാമ്പിള്‍ പരിശോധന എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തണം എന്നതാണ് ചട്ടം. ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കും ഉള്ള മദ്യത്തിന്റെ അളവ് പരിശോധന നടത്തുന്നതും ഉദ്യോഗസ്ഥരാണ്. ഡിസ്റ്റില്ലകളും എക്‌സൈസിന്റെ നിയന്ത്രണത്തിലാണ്.
എന്നാല്‍ പുതുതായി തുടങ്ങാന്‍ പോകുന്ന വെബ്‌കോ ഗോഡൗണുകളിലും ഒരു ഉദ്യോഗസ്ഥന്‍ മതി എന്നാണ് സര്‍ക്കാര്‍ തീരുമാനം. സി.സി.ടി.വി വച്ചുള്ള പരിശോധന മതിയെന്നും സര്‍ക്കാര്‍ ഉത്തരിവിലുണ്ട്. ബെവ്‌കോ എം.ഡിയുടെ ശിപാര്‍ശ അനുസരിച്ചാണ് ഈ തീരുമാനം. ഗോഡൗണിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കുന്നത് ബെവ്‌ക്കോയാണ്.