ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പരിഷ്‌കരണങ്ങളോടെ മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ടെസ്റ്റിലെ പരിഷ്‌കരണങ്ങള്‍ നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ടെസ്റ്റ് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന് നിയമത്തില്‍ മാറ്റം വരുത്താനാകില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
ജീവനക്കാരും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ഉള്‍പ്പെടെ സമര്‍പ്പിച്ച നാല് ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെ പിന്‍ബലത്തോടെയാണ് സര്‍ക്കുലറെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. ഗിയര്‍ വാഹനങ്ങളില്‍ ഇരുചക്ര വാഹനത്തിന്റെ പരിശീലനവും 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാണെന്നും വകുപ്പ് കോടതിയെ അറിയിച്ചു.