വായ്പാ തട്ടിപ്പ് കേസിലെ പ്രതി റെജി മലയിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചവയായിരുന്നു. നിരവധി പേരുടെ വസ്തു പണയപ്പെടുത്തി കോടികളുടെ തട്ടിപ്പാണ് റെജി മലയില്‍ നടത്തിയിരിക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. ഏഴിലധികം ആളുകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ പണക്കാരായിരുന്നു ഇരയായതെങ്കില്‍ റെജി മലയിലിന്റെ തട്ടിപ്പില്‍ നിരവധി പാവപ്പെട്ടവരാണ് പെട്ടത്. നിരവധി പേരുടെ വസ്തുക്കളടക്കം നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് നടത്തുകയായിരുന്നു റെജി മലയില്‍. നിരവധി ബാങ്കുകളിലും ഇയാള്‍ വായ്പാ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബാങ്ക് നല്‍കിയ പരാതിയിലാണ് റജി പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.
വ്യാജ കമ്പനികള്‍ ഉണ്ടാക്കിയാണ് ഇയാള്‍ സ്വകാര്യ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തത്. കൊച്ചിയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് മാത്രം ഒരു കോടി എണ്‍പത് ലക്ഷം രൂപ ഇയാള്‍ കടമെടുത്തു. എന്നാല്‍ ലോണിനായി സമര്‍പ്പിച്ച രേഖകള്‍ വ്യാജമായിരുന്നു.
സാങ്കേതിക കാരണങ്ങളാല്‍ വായ്പ ലഭിക്കാത്ത ആളുകള്‍ക്ക് വായ്പ ഒരുക്കി കൊടുക്കുകയാണ് ഇയാളുടെ രീതി. സിബില്‍ സ്‌കോര്‍ കുറഞ്ഞാലും ലോണ്‍ തരപ്പെടുത്തി നല്‍കും. ബാങ്ക് ഉദ്യോഗസ്ഥരെയടക്കം ഇടപെടുത്തിയാണ് ഇയാള്‍ ആളുകളെ സമീപിക്കുന്നത്. തട്ടിപ്പില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും ഉള്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. റെജിയുടെ ഭാര്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ വ്യാജരേഖയുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ആഡംബര കാറുകള്‍ വാങ്ങാനായിരുന്നു ഇയാള്‍ പണമുപയോഗിച്ചത്.