ആഡംബര കാറുകളുടെ രജിസ്‌ട്രേഷന്‍; കേസ് റദ്ദാക്കാനാകില്ലെന്ന് സിജെഎം കോടതി; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സുരേഷ്‌ഗോപി

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്‌ഗോപി. വ്യാജ മേല്‍വിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയ്ക്ക് എതിരെയുള്ള കേസ്.

കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ്‌ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ്‌ഗോപി സമര്‍പ്പിച്ച ഹര്‍ജി സിജെഎം കോടതി തള്ളുകയായിരുന്നു. വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസ് റദ്ദാക്കാനാകില്ലെന്നായിരുന്നു കോടതി അറിയിച്ചത്.

ഇതേ തുടര്‍ന്നാണ് സുരേഷ്‌ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പുതുച്ചേരിയിലെ മേല്‍വിലാസം വ്യാജമാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 2010,2016 വര്‍ഷങ്ങളിലായി രണ്ട് ആഢംബര കാറുകളാണ് ഇത്തരത്തില്‍ സുരേഷ്‌ഗോപി രജിസ്റ്റര്‍ ചെയ്തത്.

വ്യാജ മേല്‍വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് ലഭിക്കേണ്ട 30 ലക്ഷം രൂപയുടെ നികുതി നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.