പി.ആര്‍.ഒ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ടി.കെ നാരായണന്‍. കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി വി.സി രാജ്ഭവന് കത്ത് നല്‍കി. ഹാജരായാല്‍ കോടതി അലക്ഷ്യമാകുമെന്ന് കാണിച്ചാണ് വി.സി രാജഭവനില്‍ എത്താതിരുന്നത്.
പിരിച്ചുവിട്ട പി.ആര്‍.ഒയെ തിരികെ നിയമിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടെങ്കിലും വി.സി തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
സര്‍വകലാശാല പ്രവര്‍ത്തങ്ങളുടെ ഭാഗമായി വിദേശത്ത് നടത്തിയ ഒരു പരിപാടിയുടെ മുഴുവന്‍ പണവും സര്‍വ്വകലാശാലക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരിപാടിയുടെ കോര്‍ഡിനേറ്ററായ പി.ആര്‍.ഒ ആര്‍.ഗോപീകൃഷ്ണനെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ കിട്ടാന്‍ ഉണ്ടെന്ന് പറയുന്ന തുക തിരിച്ചടിച്ചിട്ടും പി.ആര്‍.ഒയെ തിരികെ നിയമിച്ചിരുന്നില്ല. സര്‍വകലാശാലയോട് തിരികെ ഇയാളെ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ വി.സി. കോടതിയെ സമീപിക്കുകയായിരുന്നു.
സര്‍വകലാശാലയില്‍ ഇടപെടന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. ഇത് വലിയ വിവാദമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് കേസ് പിന്‍വലിച്ചിരുന്നു. നിലവില്‍ പി.ആര്‍.ഒയെ തിരികെ എടുക്കാത്ത സാഹചര്യത്തിലാണ് നേരിട്ട് വി.സിയോട് ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്.