കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രോഗവ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിലാണ് വിപുലമായ ഇളവുകൾ പ്രഖ്യാപിച്ചത്. ഒരു ഡോസ് വാക്‌സിനെടുത്തവരേയും തിയേറ്ററുകളിൽ പ്രവേശിക്കാൻ അനുവദിക്കും. നിലവിൽ രണ്ടു ഡോസ് എടുത്തവർക്കാണു പ്രവേശനാനുമതി. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്കുവരെ പങ്കെടുക്കാം. അടച്ചിട്ട ഹാളാണെങ്കിൽ 100 പേർക്കും, തുറന്ന സ്ഥലമാണെങ്കിൽ 200 പേർക്ക് പങ്കെടുക്കാം. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
സ്കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായി. ഇതുവരെ കാര്യങ്ങൾ നല്ല രീതിയിലാണ് നീങ്ങുന്നതെന്ന് യോഗം വിലയിരുത്തി. സ്കൂൾ വിദ്യാർത്ഥികൾക്കു രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക കരുതൽ നൽകാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.
അതേസമയം തിയേറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന തിയേറ്റർ ഉടമകളുടെ ആവശ്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. അടച്ചുപൂട്ടിയ സമയത്തെ തിയേറ്ററുകളിലെ കെഎസ്ഇബി ഫിക്സഡ് ചാർജിൽ ഇളവ് വേണമെന്ന ആവശ്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.