ദുരിതത്തിലായ ഏലം കര്‍ഷകര്‍ക്ക് ആശ്വാസം; ആവശ്യമായ നടപടിയെടുക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി

കടുത്ത വേനലില്‍ കൃഷി നാശം സംഭവിച്ച് ദുരിതത്തിലായ ഇടുക്കിയിലെ ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകൡലായി 15,731 ഹെക്ടര്‍ ഭൂമിയിലെ ഏലം കൃഷി കനത്ത വേനലിനെ തുടര്‍ന്ന് പൂര്‍ണമായി നശിച്ചിരുന്നു.

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് അനുഭവപ്പെട്ട കനത്ത ചൂടിനെ തുടര്‍ന്നാണ് ജില്ലയില്‍ വ്യാപകമായി കൃഷിനാശം സംഭവിച്ചത്. വേനല്‍ച്ചൂടില്‍ 14,789 ഹെക്ടര്‍ ഭൂമിയിലെ കൃഷി ഭാഗികമായും നശിച്ചിരുന്നു. 22,311 കര്‍ഷകര്‍ക്കാണ് വേനല്‍ക്കാലത്ത് കൃഷിനാശം സംഭവിച്ച് കനത്ത നഷ്ടം നേരിട്ടത്.

അതേസമയം ജില്ലയിലെ കൃഷിനാശം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് പരിശോധന നടത്തിയതായി പി പ്രസാദ് അറിയിച്ചു. ജില്ലയില്‍ കൃഷിനാശം മൂലം 113.54 കോടി രൂപയുടെ പ്രത്യക്ഷ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍. 57.2 കോടിയുടെ പരോക്ഷ നഷ്ടവും ഉണ്ടായതായി കണക്കാക്കുന്നു.

ഇന്‍ഷുറന്‍സിലൂടെയും കര്‍ഷകര്‍ക്ക് സഹായം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു ഏക്കര്‍ മുതല്‍ ഒരു ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇന്‍ഷുറന്‍സ് ലഭ്യമാകുക. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.