മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പില്‍ പരിശോധന വ്യാപകമാക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദശം. ഇന്നലെ കളക്ടറേറ്റുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് നിര്‍ദ്ദേശം. ഓരോ വ്യക്തിയും നല്‍കിയിട്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടിവരും.
പണം കൈപ്പറ്റിയവര്‍ അര്‍ഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രാഹാം പറഞ്ഞു. ഓരോ ജില്ലായിലും എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായി കളക്ടേറേറ്റിലെ രേഖകള്‍ പരിശോധിക്കും. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ പണം തട്ടിയെടുക്കുന്നുവെന്നാണ് കണ്ടെത്തിയത്.
ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഏജന്റുമാര്‍ മുഖേനയും ദുരിതാശ്വാസ നിധി തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. തട്ടിപ്പിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇത്തരം ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്. വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കിയാണ് തട്ടിപ്പ്. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരുടെ പേരില്‍ ഏജന്റുകള്‍ തുക കൈപ്പറ്റുകയുമാണ് പതിവ്.