ഇടുക്കിയിൽ ആളുകളുടെ പേടിസ്വപ്നമായ അരിക്കൊമ്പന്റെ സ്ഥലം മാറ്റം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ചാണ് റിപ്പോർട്ട് നൽകുന്നത്. ഈ വിഷയത്തിൽ ഹൈക്കോടതിയാണ് വിദഗ്ധ സമിതിയെ നിയമിച്ചത്. സമിതി റിപ്പോർട്ട് കഴിഞ്ഞ ദിവസം അഡീഷണൽ അഡ്വക്കേറ്റ് ജനറലിനു കൈമാറിയിരുന്നു.
ഏത് സ്ഥലത്തേക്കാണ് ആനയെ മാറ്റേണ്ടതെന്ന് വിദഗ്ധ സമിതി അംഗീകരിച്ചാൽ കോടതി ഇടപെടലിന് കാത്തു നിൽക്കാതെ ദൗത്യം തുടങ്ങാനാകും. പെരിയാർ കടുവ സങ്കേതം ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്. ഇതിനായി പെരിയാറിൽ കഴിഞ്ഞ ദിവസം ട്രയൽ റൺ നടത്തിയിരുന്നു. റിപ്പോർട്ട് ലഭിച്ചാൽ ദൗത്യം സംബന്ധിച്ച സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും.