യു.എ.പി.എ കേസ്: അലന്റെയും താഹയുടെയും റിമാന്‍ഡ് കാലാവധി നീട്ടി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ  ചുമത്തി കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും റിമാന്‍ഡ് കാലാവധി നീട്ടി. കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതിയാണ് ഫെബ്രുവരി 14 വരെ നീട്ടിയത്. കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വെള്ളിയാഴ്ച കോടതി പരിഗണിക്കും.

കോടതി നിര്‍ദേശപ്രകാരം ഇരുവരെയും തൃശൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരിഗണനയിലായിരുന്ന കേസ് എന്‍.ഐ.എ ഏറ്റെടുത്തത്തോടെയാണ് കൊച്ചിയിലേക്ക് മാറ്റിയത്. കേസിന്റെ രേഖകള്‍ എന്‍.ഐ.എ കോടതിക്ക് കൈമാറിയിരുന്നു.

നവംബര്‍ ഒന്നിനാണ് സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. റിമാന്റിലായ ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ല കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.