പന്നിയങ്കര ടോള്‍ പ്ലാസയില്‍ ബസ്സുകള്‍ക്ക് ഭീമമായ നിരക്ക് ഈടാക്കുന്നതില്‍ ശ്വാശ്വതമായ പ്രശ്ന പരിഹാരം ഇനിയും വൈകിയാല്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് രമ്യ ഹരിദാസ് എംപി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാതെ എംപിയുടെ നേതൃത്വത്തില്‍ ബസ്സുകള്‍ കടത്തിവിട്ടിരുന്നു. രമ്യ ഹരിദാസ് എംപി സ്ഥലത്തെത്തുകയും ജനങ്ങളും ഉടമകളും ചേര്‍ന്ന് ബാരിക്കേഡുകള്‍ മാറ്റി ബസുകള്‍ കടത്തിവിടുകയായിരുന്നു.
ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് ഇവിടെ സ്വകാര്യ ബസുകള്‍ നല്‍കേണ്ടത്.ഇത് വളരെ കൂടുതലാണ്. ഇത്രയും വലിയ തുക നല്‍കി സര്‍വീസ് നടത്താനാകില്ലെന്നും നിരക്കില്‍ ഇളവ് വേണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം. അമിത ടോള്‍ പിരിവ് അംഗീകരിക്കാനാവില്ലെന്നറിയിച്ച് കഴിഞ്ഞ 28 ദിവസങ്ങളായി ഈ റൂട്ടില്‍ നൂറ്റിയമ്പതോളം സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു. ഇപ്പോഴാണ് സര്‍വീസ് പുനരാരംഭിച്ചത്.
സ്വകാര്യ ബസുകളില്‍ നിന്ന് അമിത ടോള്‍ പിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണന്‍കുട്ടി, കലക്ടര്‍, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കരാര്‍കമ്പനി അത് അംഗാകരിക്കാന്‍ തയ്യാറായില്ല. നിരക്ക് കുറയ്ക്കില്ലെന്നാണ് കമ്പനിയുടെ നിലപാട്.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേശീയ പാത അതോറിറ്റിയാണ് പന്നിയങ്കരയില്‍ ടോള്‍ പിരിക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ടോള്‍ പിരിവ് ആരംഭിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.