കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിദ്ധ്യം കിട്ടിയില്ലെന്ന് വിലയിരുത്താൻ കഴിയില്ലെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്ന് അഭിപ്രായം ഇല്ല. ജയസാദ്ധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും രമ്യ ഹരിദാസ് തൃശൂരിൽ പറഞ്ഞു.
ലതിക സുഭാഷ് പ്രതിഷേധിക്കേണ്ട സാഹചര്യമുള്ള പട്ടിക അല്ലെന്നാണ് രമ്യ ഹരിദാസ് അഭിപ്രായപ്പെടുന്നത്. ലതിക സുഭാഷ് പ്രകടിപ്പിച്ചത് സ്വന്തം വികാരമാണ്. ലതിക സ്വതന്ത്ര സ്ഥാനാർഥിയാകും എന്നു കരുതുന്നില്ല. ഇത് സംബന്ധിച്ച വാർത്തകൾ എല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.
കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടം കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. തല മുണ്ഡനം ചെയ്താണ് അവര്‍ വൈകാരിക പ്രതിഷേധം പങ്കുവെച്ചത്. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു. ലതികാ സുഭാഷ് പാര്‍ട്ടി വിട്ടതിന് പിന്നാലെ പല നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് രമ്യ ഹരിദാസിന്റെ പ്രതികരണം.
അതേസമയം ലതിക സുഭാഷിനെ അനുനയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അർഹതയുള്ളവരിൽ ഒരാളെ മാത്രമേ മൽസരിപ്പിക്കാൻ സാധിക്കുകയുള്ളൂ. സ്ഥാനാർത്ഥിത്വം കിട്ടാത്തവർക്ക് പാർട്ടിയിൽ അവസരങ്ങളുണ്ടാകും. കോൺഗ്രസിലെ ദിശാമാറ്റത്തിന്റെ സൂചികയാണ് യുവത്വം പ്രസരിക്കുന്ന പട്ടികയെന്നും ചെന്നിത്തല പറഞ്ഞു.