ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പറ്റി നടത്തിയ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നും വേദനിച്ചെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.
“ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നു. പരാമര്‍ശത്തിന് ഉദ്ദേശിക്കാത്ത അര്‍ത്ഥം നല്‍കി യു.ഡി.എഫ് പ്രചാരണം നടത്തുകയാണ്. ആരേയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സി.പി.ഐ.എം. രാഷ്ട്രീയ നിലപാടിലെ വ്യത്യസ്തയെ കാര്‍ക്കശ്യത്തോടെ വിമര്‍ശിക്കുന്നത് തുടരും. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പി.കെ കുഞ്ഞാലിക്കുട്ടി തന്റെ അടുത്ത സുഹൃത്താണ്” വിജയരാഘവന്‍ വിശദീകരിച്ചു.
തന്റെ പ്രസംഗം ചില മാധ്യമങ്ങള്‍ “മറ്റൊരു റൂട്ടിലേക്ക്” തിരിച്ചു വിട്ടു. ഏതെങ്കിലും ആളുകളെ വ്യക്തിപരമായി വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരണമെന്നാണു നിലപാട്. തന്റെ ഭാര്യയും പൊതുപ്രവര്‍ത്തകയാണ്. വ്യക്തിപരമായ വിമര്‍ശനം എല്‍.ഡി.എഫിന്റെ നയമല്ല. എന്നാല്‍ ലീഗിന്റെ കൊള്ളരുതായ്മയെയും നിലപാടുകളെയും കാര്‍ക്കശ്യത്തോടെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും വിജയരാഘവന്‍ പറഞ്ഞു.
ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്””- എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍. വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ രമ്യ ഹരിദാസ് രംഗത്തെത്തുകയും പ്രസ്താവന വിവാദമാകുകയും ചെയ്തതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങിനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നുമായിരുന്നു വിജയരാഘവന്‍ വിശദീകരിച്ചത്.