രാജ്യത്ത് പുതുക്കിയ ഇന്ധനവില് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലം സംസ്ഥാനത്തും ആനുപാതികമായി ഇന്ധനവില കുറഞ്ഞു. പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പെട്രോളിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമായി.
കൊച്ചിയില്‍ പെട്രോളിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 104.02 രൂപയും, ഡീസലിന് 94.80 രൂപയും, തിരുവനന്തപുരത്ത് പെട്രോളിന് 106.74, ഡീസലിന് 96.58 രൂപയുമാണ് വില. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് സംസ്ഥാനവും ഇന്ധന നികുതി കുറക്കുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ അറിയിച്ചിരുന്നു. പെട്രോള്‍ നികുതി ലിറ്ററിന് 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയുമായാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്.
പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 9.5 രൂപയും ഡീസല്‍ ലിറ്ററിന് ഏഴ് രൂപയും കുറയും. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയിലൂടെ ഒരു വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്സിഡിയും നല്‍കും.
കഴിഞ്ഞ നവംബറില്‍ കേന്ദ്രം ഇന്ധന എക്സൈസ് തീരുവ കുറച്ചപ്പോള്‍ കുറവ് വരുത്താത്ത സംസ്ഥാനങ്ങളോട് ഇത്തവണ നികുതി കുറക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 2021 നവംബറില്‍ കേന്ദ്രം പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന 17 സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളും നികുതി കുറച്ചിരുന്നു.