റിപ്പോര്‍ട്ടര്‍ ടിവി താത്കാലികമായി സംപ്രേഷണം അവസാനിപ്പിച്ചു; രണ്ടാം വരവ് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോയില്‍ നിന്നും

റിപ്പോര്‍ട്ടര്‍ ടിവി താത്കാലികമായി സംപ്രേഷണം അവസാനിപ്പിച്ചു. ചാനല്‍ നവീകരണത്തിന്റെ ഭാഗമായുള്ള ജോലികള്‍ പൂര്‍ത്തികരിക്കാനാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് അറിയിച്ചത്.

മലയാളത്തിലെ മുന്‍നിര മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഏഷ്യായിലെ ഏറ്റവും വലിയ എആര്‍-വിആര്‍-എക്‌സ്ആര്‍ ന്യൂസ് സ്റ്റുഡിയോയില്‍ നിന്നാണ് ചാനല്‍ വീണ്ടും സംപ്രേഷണം തുടങ്ങുന്നത്. കളമശേരിയിലെ ഓഫീസില്‍ ഇതിനായുള്ള ജോലികള്‍ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരത്ത് തൈക്കാടും ചാനലിനായി ബഹുനില മന്ദിരം ഒരുങ്ങി കഴിഞ്ഞു. നവീകരണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലിന്റെ വെബ്‌സൈറ്റും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും വലിയ സങ്കേതിക തികവോടെ ചാനല്‍ അടുത്തമാസമാണ് പുനഃസംപ്രേഷണം ആരംഭിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടിവി അടുത്തിടെ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ചാനല്‍ തലപ്പത്ത് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. മീഡിയ വണ്‍ ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന സ്മൃതി പരുത്തിക്കാടിനെ എക്‌സിക്യൂട്ടിവ് എഡിറ്ററായി നിയമിക്കുകയും 24 ന്യൂസിലെ എഡിറ്ററായിരുന്ന സുജയ പാര്‍വതിയെ ടിവി കോര്‍ഡിനേറ്റിങ്ങ് എഡിറ്ററായും നിയമിച്ചിരുന്നു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ വിഭാഗം ഹെഡായി ഇന്നു നിയമിച്ചു. ന്യൂഡല്‍ഹി കേന്ദ്രമായുള്ള വ്യവസായ ഗ്രൂപ്പാണ് റിപ്പോര്‍ട്ടര്‍ ടിവി ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചാനലില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ആദ്യഭാഗമായാണ് പുതിയ നിമനങ്ങള്‍. കേരളത്തില്‍ നിന്നുള്ള മാഗോ ഗ്രൂപ്പാണ് ചാനലിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്.

Read more