കോവിഡ് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കെ അഞ്ഞുറോളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിന് എതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്. വലിയ വേദിയിൽ വെച്ചാണ് ചടങ്ങ് നടത്തുന്നതെന്നും, ഇത്തരമൊരു ചടങ്ങിന് 500 പേർ എന്നത് വലിയ സംഖ്യയല്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
എന്നാൽ ഇപ്പോഴിതാ വിവാഹ ചടങ്ങിന് അഞ്ഞൂറ് പേരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ്. അഴൂർ പഞ്ചായത്തംഗം കൂടിയായ യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് ചിറയിൻകീഴ് പൊലീസിനാണ് അപേക്ഷ നൽകിയത്.
ബുധനാഴ്ച രാവിലെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റു കൂടിയായ മുട്ടപ്പലം സജിത്ത് തന്റെ വിവാഹച്ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതി തേടി ചിറയിൻകീഴ് എസ്.ഐ നൗഫലിനെക്കണ്ട് അപേക്ഷ നൽകിയത് എന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തു.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചു വിവാഹച്ചടങ്ങ് നടത്താമെന്ന സത്യപ്രസ്താവനയും അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവുമുള്ള ശാർക്കര ക്ഷേത്രമൈതാനമാണ് വിവാഹവേദി. ജൂൺ 15നാണ് വിവാഹം. ഉന്നത പൊലീസ് അധികൃതരുമായി ആലോചിച്ച ശേഷം ഉചിതമായ തീരുമാനം അറിയിക്കാമെന്നാണ് എസ്.ഐ മറുപടി നൽകിയിരിക്കുന്നത്.