തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി വീണ്ടും റസൂല്‍ പൂക്കുട്ടി. ഉത്തരേന്ത്യയിലെ പോലെ ജാതിമത ചിന്തകള്‍ കുത്തിവെച്ച് കേരളത്തിലെ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. തൃശൂര്‍ പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്, അതില്‍ ഏതെങ്കിലും കമ്പനിക്ക് കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ല. ഈ ആരോപണത്തില്‍ തനിക്ക് യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാതിമത വിഭാഗീയത ചിന്തകള്‍ കോര്‍ത്തിണക്കുന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ പ്രവണത കേരളത്തിലെ സ്വീകരണ മുറികളിലും എത്തിപ്പെട്ടെന്ന് ഈ വിവാദം തനിക്ക് മനസ്സിലാക്കി തന്നെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. പ്രബുദ്ധരായ മലയാളികള്‍ ഇതുപോലുള്ള ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കണ്ടേത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
തൃശൂര്‍ പൂരത്തിന്റെ ഓഡിയോ റെക്കോഡ് ചെയ്തത് ഒരു സൗണ്ട് ഡിസൈനര്‍ എന്ന നിലയ്ക്കാണ്. റെക്കോഡ് ചെയ്തു കൊണ്ടിരിക്കുന്ന വേളയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് സിനിമ. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും റസൂല്‍ വ്യക്തമാക്കി. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് തന്റെ അറിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.