മുനമ്പം കമീഷന്‍ അട്ടിമറിക്കാനാണോ; ആരോ പരാതി കൊടുത്തു; പൊലീസ് എന്നോട് ചോദിക്കാതെ എഫ്‌ഐആര്‍ ഇട്ടു; പകുതിവില സ്‌കൂട്ടര്‍ തട്ടിപ്പില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍

പകുതിവില സ്‌കൂട്ടര്‍ തട്ടിപ്പില്‍ പൊലീസ് കേസെടുത്തതിനെതിരെ റിട്ട ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍.
തന്റെ പ്രതികരണം പോലും തേടാതെയാണ് പൊലീസ് കേസെടുത്തതെന്ന് അദേഹം ആരോപിച്ചു. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഇംപ്ലിമെന്റിങ് ഏജന്‍സിയായ മലപ്പുറം അങ്ങാടിപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെഎസ്എസ് എന്ന സംഘടന നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കി പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്.

2014 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 34 ലക്ഷം രൂപ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കെഎസ്എസ് വഴി തട്ടിച്ചു എന്നാണ് പരാതി. കെഎസ്എസ് പ്രസിഡന്റ് ഡാനിമോനാണ് പരാതി നല്‍കിയത്. ആനന്ദകുമാര്‍, അനന്തുകൃഷ്ണന്‍എന്നിവര്‍ക്കൊപ്പം മൂന്നാം പ്രതിയായാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെയും പൊലീസ് പ്രതിചേര്‍ത്തത്.

കേസില്‍ പറയുന്നത് പോലെ താന്‍ രക്ഷാധികാരിയല്ലെന്നും ഉപദേശകന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ആരോ പരാതി കൊടുത്തു. അതുവായിച്ചു നോക്കിയ പൊലീസ് തന്നോട് വിവരം പോലും തിരക്കാതെ എഫ്‌ഐആറിട്ടുവെന്ന് രാമചന്ദ്രന്‍ നായര്‍ പറയുന്നത്.

മുനമ്പം കമീഷന്‍ അട്ടിമറിക്കാനാണോ കേസെടുത്തതെന്ന് അറിയില്ലെന്ന് ഇദ്ദേഹം പറഞ്ഞു. എന്‍ജിഒ കോണ്‍ഫെഡറേഷനുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചതാണ്. പണം പിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചേര്‍ത്ത് മൂന്നാം പ്രതിയാക്കിയാണ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്.